റീൽസിന്റെ ദൈർഘ്യം കൂട്ടി, പ്രൊഫൈൽ ഗ്രിഡും മാറി; പുതിയ മാറ്റങ്ങളുമായി ഇൻസ്റ്റഗ്രാം
ന്യൂയോര്‍ക്ക്: റീലുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചും പ്രൊഫൈല്‍ ഗ്രിഡില്‍ മാറ്റം വരുത്തിയും പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാം മേധാവി ആദം മോസെരിയാണ് ഇക്കാര്യം അറിയിച്ചത്. 90 സെക്കന്‍ഡുള്ള റീലുകളുടെ ദൈര്‍ഘ്യം മൂന്ന് മിനിറ്റാക്കിയാണ് ഉയര്‍ത്തുന്നത്.Instagram
പുതിയ മാറ്റം നിലവില്‍ വരുന്നതോടെ മൂന്ന് മിനിറ്റ് വരെയുള്ള റീലുകള്‍ പങ്കുവെക്കാന്‍ സാധിക്കും. ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെയും റീൽസ് ക്രിയേറ്റേഴ്സിന്റെയും നിരന്തരമായ ആവശ്യം പരിഗണിച്ചാണ് റീൽസിന്റെ ദൈർഘ്യം വർധിപ്പിക്കുന്നത് എന്നാണ് ആദം മോസെരി വ്യക്തമാക്കുന്നത്.
ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം നേരത്തേ മുതല്‍ തന്നെ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത് റീലായിട്ടല്ല, മറിച്ച് സാധാരണ പോസ്റ്റായാണ് കാണുക. ഇനി മുതൽ യൂട്യൂബ് ഷോർട്സിന് സമാനമായി കൂടുതൽ ദൈർഘ്യമുള്ള വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലും കാണാനാകും.
പ്രൊഫൈല്‍ ഗ്രിഡിലെ മാറ്റമാണ് മറ്റൊന്ന്. നിലവില്‍ സമചതുരാകൃതിയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഗ്രിഡ് കാണാന്‍ കഴിയുക. ഇത് ദീര്‍ഘചതുരാകൃതിയിലാകും. ചിത്രങ്ങളും വീഡിയോകളും അനാവശ്യമായി ക്രോപ്പ് ചെയ്ത് കാണുന്നതിനേക്കാള്‍ ഇങ്ങനെ കാണാനാകും ആളുകള്‍ക്ക് ഇഷ്ടമെന്ന് ഇന്‍സ്റ്റഗ്രാം മേധാവി പറയുന്നു. മിക്ക ഇൻസ്റ്റാഗ്രാം അപ്ലോഡര്‍മാരും ഇങ്ങനെയൊരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വീഡിയോകള്‍ എഡിറ്റ് ചെയ്യാനായുള്ള എഡിറ്റ്സ് എന്ന ആപ്പും മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.