അമരമ്പലത്തെ പെൺകരുത്തിന്റെ ‘മായാ’ജാലം

മായ
ശശികുമാർ
പൂക്കോട്ടുംപാടം: ലോക വനിതദിനത്തിൽ അമരമ്പലം ഗ്രാമപഞ്ചായത്തിന് അഭിമാനത്തോടെ പറയാൻ ഒരു പെൺക്കരുത്തിന്റെ കഥയുണ്ട്; അമരമ്പലം കുടുംബശ്രീ സി.ഡി. എസിനെ സംസ്ഥാനത്തെതന്നെ മികച്ച മാതൃകയാക്കിമാറ്റിയ മുണ്ടക്കൽ മായ ശശികുമാറിന്റെ കഥ. 2018ൽ കുടുംബശ്രീയുടെ തലപ്പത്തെത്തിയ മായ, എട്ടു വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം 2026ൽ സ്ഥാനമൊഴിയുമ്പോൾ നാടിനും നാട്ടുകാർക്കും സമ്മാനിച്ചത് സമാനതകളില്ലാത്ത വികസന മുന്നേറ്റങ്ങളാണ്.
മായയുടെ നേതൃത്വത്തിൽ അമരമ്പലം കുടുംബശ്രീ നേടിയെടുത്ത ഏറ്റവും വലിയ പൊൻതൂവലാണ് ഐ.എസ്.ഒ അംഗീകാരം. ഗുണഭോക്താക്കൾക്ക് കുറ്റമറ്റതും സംതൃപ്തി കരവുമായ സേവനങ്ങൾ നൽകിയതിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം തേടിയെത്തിയത്. ഫലപ്രദമായ പരാതി പരിഹാര സംവിധാനമൊരുക്കിയും സേവനങ്ങൾ യഥാസമയം ലഭ്യമാക്കിയും സി.ഡി.എസിനെ മികച്ച രീതിയിൽ നയിക്കാൻ മായക്ക് കഴിഞ്ഞു. ജില്ലയിലെ 59 സി.ഡി.എസുകളിൽ ഐ.എസ്.ഒ ലഭിക്കുന്ന രണ്ടാമത്തെ പഞ്ചായത്തായി അമരമ്പലം മാറിയതിനു പിന്നിലെ മായാജാലം ഈ നേതൃപാടവം തന്നെയാണ്.
വീട്ടിക്കുന്നിലെ പ്രതീക്ഷ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന് ബസ് വാങ്ങുന്നതിനായി സി.ഡി.എസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ വമ്പൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ഇന്ന് അമരമ്പലം കുടുംബശ്രീ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുറത്തുനിന്നെത്തുന്ന 60 പേർക്ക് വരെ താമസിച്ച് പരിശീലനം നേടാൻ കഴിയുന്ന ‘ഇമ്മേർഷൻ സെന്ററായി’കേരളത്തിലെതന്നെ മാതൃകാ കുടുംബശ്രീയായി അമരമ്പലം മാറി.
ഒരു നാടിന്റെ സ്ത്രീശാക്തീകരണത്തിന് ചുക്കാൻപിടിച്ചതിന്റെ പൂർണ ചാരിതാർഥ്യത്തോടെയാണ് മായ ശശികുമാർ പടിയിറങ്ങുന്നത്. ഓട്ടോ ഗുഡ്സ് ഡ്രൈവറായ ഭർത്താവ് ശശികുമാറും മക്കളായ രേഷ്മ, രോഷിത്, രോഹിത് എന്നിവരും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. ഈ വനിതദിനത്തിൽ അമരമ്പലം ഗ്രാമം ഈ പെൺകരുത്തിന് ആദരവോടെ സല്യൂട്ട് അടിക്കുന്നു.
