മലബാർ ദേവസ്വം ബോർഡും നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് വേണ്ടെന്ന് തീരുമാനിച്ചു;

 

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിനു പിന്നാലെ മലബാർ ദേവസ്വം ബോർഡും അരളിപ്പൂവ് നിരോധിക്കാൻ തീരുമാനിച്ചു. അത് സംബന്ധിച്ച ഉത്തരവ്  ഇറക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി അറിയിച്ചു. ഉത്തരവ് വന്നാൽ മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോഗിക്കാനാകില്ല. നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കുന്നതിനാണ് നിരോധനം.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവിന്റെ ഉപയോഗം പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചിരുന്നു. ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ക്ഷേത്രങ്ങളിൽ പൂജയ്ക്കായി അരളിപ്പൂവ് ഉപയോഗിക്കാം. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിവേദ്യ സമർപ്പണത്തിന് തുളസി,തെച്ചി,റോസ എന്നീ പൂക്കൾ ഭക്തർ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

 

 

ക്ഷേത്രങ്ങളിൽ നിന്ന് ഭക്തർക്ക് നേരിട്ട് കൈകളിൽ അരളി എത്തുന്ന സാധ്യതകൾ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. അരളിപ്പൂവ് ഒഴിവാക്കിയ തീരുമാനം സംബന്ധിച്ച് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർമാർക്ക് കത്ത് നൽകും. നിവേദ്യ സമർപ്പണ പൂജയിൽ അരളി പൂവ് ഉപയോഗിക്കുന്നില്ല എന്നത് അതാത് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫിസർമാരും അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാരും ഉറപ്പ് വരുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *