‘അടുത്ത മുഖ്യമന്ത്രിയും പിണറായി തന്നെ’ -കോൺഗ്രസിനെ ഞെട്ടിച്ച് മണിശങ്കർ അയ്യരുടെ പ്രസ്താവന
തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. ആസൂത്രണ വകുപ്പിന്‍റെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര കോൺഫറൻസിന്‍റെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തിയും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചും മണിശങ്കർ അയ്യർ രംഗത്തെത്തിയത്.
പഞ്ചായത്തീ രാജ് സംവിധാനവുമായി ബന്ധപ്പെട്ട നിയമഭേദഗതിയെ കുറിച്ച് പരാമർശിക്കുന്നതിനിടെയാണ് ‘അടുത്ത മുഖ്യമന്ത്രിയും ഇദ്ദേഹം തന്നെയായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന’ ആമുഖത്തോടെ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി നിലനിർത്താൻ നിയമത്തിൽ ഭേദഗതികൾ വരുത്തണമെന്ന ആവശ്യം ഉന്നയിച്ചത്.
രാജ്യത്ത് പഞ്ചായത്തീരാജ് വ്യവസ്ഥക്ക് വേണ്ടി വാദിക്കാൻ ഇന്ന് മറ്റാരുമില്ല. കോൺഗ്രസ് കൈവിട്ട ആ ബാറ്റൺ ദയവായി ഏറ്റെടുക്കണമെന്നാണ് തനിക്ക് മുഖ്യമന്ത്രിയോട് അപേക്ഷിക്കാനുള്ളത്. ഏറ്റവും പാവപ്പെട്ടവന് പോലും ഇത് തന്റെ രാജ്യമാണെന്നും രാജ്യ നിർമ്മാണത്തിൽ തനിക്ക് നിർണ്ണായകമായ ശബ്ദമുണ്ടെന്നും തോന്നുന്ന ഒരു ഇന്ത്യ എന്നതായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. ഗാന്ധിജിയുടെ ആ ലക്ഷ്യത്തിലേക്കെത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനം മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണ്. ഇതൊരു പുകഴ്ത്തലാണോ അതോ ആക്ഷേപമാണോ എന്ന് തനിക്കറിയില്ല. പക്ഷേ, സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായിട്ടും ദേശീയ പ്രാധാന്യമുള്ളതായിട്ടും തന്‍റെ പാർട്ടിയിലെ സഹപ്രവർത്തകർ ഇവിടെ ഇല്ലാത്തതിൽ തനിക്ക് വലിയ ഖേദവും കുറ്റബോധവുമുണ്ട്. പഞ്ചായത്തീരാജ് സംവിധാനത്തിൽ ഇന്ത്യയുടെ നേതാവാണ് കേരളം. രാജീവ് ഗാന്ധിയുടെ പ്രതീക്ഷകൾ മറ്റാരെക്കാളും മികച്ച രീതിയിൽ നടപ്പിലാക്കിയത് കേരളമാണ് എന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. പ്രായോഗികതലത്തിൽ കേരളം ഒന്നാമതാണെങ്കിലും കർണാടകയുമായി താരതമ്യം ചെയ്യുമ്പോൾ നിയമനിർമ്മാണത്തിൽ കേരളം രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം കഴിഞ്ഞെത്തിയ മണിശങ്കർ അയ്യറെ മുഖ്യമന്ത്രി എഴുന്നേറ്റ് ഹസ്തദാനം ചെയ്താണ് സ്വീകരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സർക്കാർ പ്രതിഛായ നിർമ്മിതിക്ക് വേണ്ടി നടത്തുന്ന പരിപാടിയാണിതെന്നും പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മണിശങ്കർ അയ്യർക്ക് കത്തയച്ചിരുന്നു. കത്ത് തള്ളിയാണ് അദ്ദേഹം പങ്കെടുത്തത്.
