ചിത്രം തെളിഞ്ഞു; സംസ്ഥാനത്ത് 890 സ്ഥാനാർഥികൾ; കൂടുതൽ സ്ഥാനാർഥികൾ കൊടുവള്ളിയിൽ



തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ 890 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇവരിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളും അവർ പിന്തുണക്കുന്ന സ്വതന്ത്രരും ഒരു മുന്നണിയിലും ചേരാത്ത പാർട്ടികളിലുള്ളവരും പൂർണ സ്വതന്ത്രരും വിമതരും അപരന്മാരുമായ സ്വതന്ത്രരുമൊല്ലാംപെടും.

2021ൽ 957 സ്ഥാനാർഥികളാണുണ്ടായിരുന്നത്. ഇത്തവണ 67 പേർ കുറഞ്ഞു. ഇനി തെരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ ഒമ്പത് വരെ നീളുന്ന 14 ദിവസം നടക്കുക തീപാറുന്ന പോരാട്ടമാണ്. സൂക്ഷ്മപരിശോധനക്ക് ശേഷം 140 മണ്ഡലങ്ങളിലുമായി മത്സരിക്കാൻ യോഗ്യത നേടിയത് 985 പേരാണ്. ഇതിൽ 95 പേർ പത്രിക പിൻവലിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലം കൊടുവള്ളിയാണ്. അവിടെ 13 പേർ രംഗത്തുണ്ട്. നാലുപേർ പത്രിക പിൻവലിച്ചു.

തിരുവനന്തപുരം മണ്ഡലത്തിൽ അഞ്ച് പേർ പത്രിക പിൻവലിച്ചു. 11 പേർ മത്സര രംഗത്തുണ്ട്. മഞ്ചേശ്വരം, പേരാവൂർ എന്നിവിടങ്ങളിലും 11 പേർ വീതം രംഗത്തുണ്ട്. ഏറ്റവും കുറവ് സ്ഥാനാർഥികൾ ചവറ, കായംകുളം, നാട്ടിക, കോങ്ങാട്, മാനന്തവാടി എന്നിവിടങ്ങളിലാണ്. മൂന്നുപേർ വീതം മാത്രമാണ് ഇവിടങ്ങളിൽ മാറ്റുരക്കുന്നത്. പത്രിക പിൻവലിക്കൽ പൂർത്തിയായതോടെ അവശേഷിച്ച സ്ഥാനാർഥികൾക്കുള്ള ചിഹ്നങ്ങൾ അനുവദിച്ചു.

ദേശീയ, സംസ്ഥാന അംഗീകാരമുള്ള പാർട്ടി സ്ഥാനാർഥികൾക്ക് അവരുടെ പാർട്ടി ചിഹ്നങ്ങൾ ലഭിച്ചു. ചില സംസ്ഥാന പാർട്ടികൾക്ക് അനുവദിച്ച ചിഹ്നങ്ങൾ ആ പാർട്ടിയുടെ സ്ഥാനാർഥികളില്ലാത്ത മണ്ഡലങ്ങളിൽ സ്വതന്ത്രർക്ക് അനുവദിച്ചിട്ടുണ്ട്.

പട്ടിക വന്നപ്പോൾ അഹമ്മദ് ദേവർകോവിലിന് ചിഹ്നം ബക്കറ്റ്!

കോഴിക്കോട്: ഗ്ലാസ് ചിഹ്നത്തിൽ പോസ്റ്റർ അടിച്ച് പ്രചാരണം തുടങ്ങിയ കോഴിക്കോട് സൗത്ത് മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിന് തെരഞ്ഞെടുപ്പ് കമീഷന്‍റെ പട്ടിക വന്നപ്പോൾ ലഭിച്ചത് ബക്കറ്റ് ചിഹ്നം!

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗ്ലാസ് ചിഹ്നത്തിൽ വിജയിച്ച ഐ.എൻ.എൽ നേതാവായ അദ്ദേഹം ഇത്തവണ അതേ ചിഹ്നത്തിനാണ് അപേക്ഷ നൽകിയിരുന്നത്. എന്നാൽ, ‘ഗ്ലാസ്’ ചിഹ്നം 2025ൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച ചിഹ്നങ്ങളുടെ പട്ടികയിൽ ഇല്ല. വൻതോതിൽ ഗ്ലാസ് ചിഹ്നത്തിലുള്ള പോസ്റ്റർ പ്രചാരണത്തിനായി അച്ചടിച്ചിരുന്നു, മണ്ഡലത്തിലെ പലയിടങ്ങളിലും ഈ പോസ്റ്റർ ഒട്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഗ്ലാസ് ചിഹ്നത്തിലുള്ള പ്രചാരണം തൽക്കാലം നിർത്തിവെക്കാനാണ് നിലവിൽ പ്രവർത്തകർക്ക് നൽകിയ നിർദേശം. ഇനി ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റി അടിക്കേണ്ടിവരും. മണ്ഡലത്തിൽ മുസ്‍ലിംലീഗിലെ യുവരക്തം ഫൈസൽബാബുവാണ് യു.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പിയുടെ ടി. റെനീഷും സജീവമായി രംഗത്തുണ്ട്. 2021ൽ പുതുമുഖമായി ഇവിടെ എത്തിയ ദേവർകോവിൽ ഇന്ന് മണ്ഡലത്തിന് സുപരിചിതനാണ്. ആയിരം കോടിയുടെ വികസനം നടപ്പാക്കിയ മണ്ഡലമാണിതെന്ന് അഹമ്മദ് ദേവർകോവിൽ അവകാശപ്പെടുന്നു.