നിലപാടുകളിലൂടെ പ്രിയങ്കരനായ മാർപാപ്പ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിന്‍റെ വിങ്ങലില്‍ ലോകം. സാമൂഹിക നീതിയെ ഉയർത്തിപ്പിടിക്കുന്ന ധീരമായ നിലപാടുകളിലൂടെ ഫ്രാൻസിസ് മാർപാപ്പ പ്രിയങ്കരനായി. എൽജിബിടി സമൂഹത്തെ അംഗീകരിക്കുകയും ചേർത്തുനിർത്തുകയും ചെയ്ത മാർപാപ്പയുടെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ ചെയ്യുന്നത് വംശഹത്യയാണെന്ന് തുറന്നു പറയാൻ മാർപാപ്പ ധൈര്യം കാണിച്ചു.stances
പുതിയകാല ചിന്തകളെ അടുത്തറിയാനും അവയോട് സംവദിക്കാനും ഫ്രാൻസിസ് മാർപാപ്പ പ്രത്യേക ശ്രദ്ധകാണിച്ചു. തന്റെ മുൻഗാമികളിൽ നിന്നും വ്യത്യസ്തമായി എൽജിബിടി സമൂഹത്തോട് സഹാനുഭൂതിയോടെ പെരുമാറി. അവർ വഴിപിഴച്ചവരെന്ന് വിധിക്കാൻ ഞാനാരാണെന്ന ചോദ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. എൽജിപിടി വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. 2013ൽ അമേരിക്കൻ എൽജിബിടി മാസികയായ ദി അഡ്വക്കേറ്റ് ഫ്രാൻസിസിനെ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു.
കത്തോലിക്കാ സഭയിൽ സന്യസ്തർക്കായുള്ള തിരുസംഘത്തെ നയിക്കാൻ ഇറ്റലിക്കാരിയായ സിസ്റ്റർ സിമോണ ബ്രാംബിലയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. സഭ ഭരണകേന്ദ്രത്തിൽ ഏതെങ്കിലും വകുപ്പിന്റെ അധ്യക്ഷസ്ഥാനത്ത് വനിതയെ നിയമിക്കുന്നത് ആദ്യമായിട്ടായിരുന്നു. ഗസ്സയിലെ ഇസ്രായേലിന്റെ സൈനിക നടപടി വംശഹത്യയാണെന്ന് മാർപാപ്പ എഴുതി.
കഴിഞ്ഞ ക്രിസ്മസിന് വത്തിക്കാനിൽ ഉണ്ണിയേശു ഫലസ്തീൻ പ്രതീകമായി കഫിയ്യയിൽ കിടക്കുന്ന തിരുപ്പിറവി പ്രദർശനം ഒരുക്കിയിരുന്നു. ഇതിന്റെ ഉദ്ഘാടകനായി മാർപാപ്പ എത്തി. മാർപാപ്പ ജൂതവിരുദ്ധരുടെ കെണിയിൽ പെടുന്നു എന്നുവരെ ഇസ്രായേൽ പ്രതികരിച്ചു. യുദ്ധവും ആഗോള ചൂഷണവും മൂലം കുടിയേറ്റജീവിതം നയിക്കേണ്ടി വരുന്നവർക്ക് വേണ്ടി മാർപാപ്പ നിരന്തരം സ്വരമുയർത്തി.
ഏറ്റവും ഒടുവിൽ ട്രംപിന്റെ നയങ്ങൾക്കെതിരെ പോലും മാർപാപ്പ തുറന്നടിച്ചു. അനധികൃത കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നു മാർപാപ്പ മുന്നറിയിപ്പ് നൽകി. ‘മതിലുകൾക്കു പകരം സമൂഹങ്ങൾ തമ്മിലുള്ള പാലങ്ങൾ നിർമിക്കണം’ എന്നായിരുന്നു മെക്സിക്കോ അതിർത്തിയിൽ മതിലുപണിയാനുള്ള നയത്തിനെതിരെ മാർപാപ്പയുടെ ശബ്ദം. സ്നേഹത്തിലും, സഹാനുഭൂതിയിലും, നീതിയിലും ഉറച്ചുനിൽക്കുന്ന ലോകത്തെ സ്വപ്നം കണ്ടാണ് മാർപാപ്പ വിടവാങ്ങുന്നത്.