കൂട്ടായ്മയുടെ കൈപ്പുണ്യം’ രണ്ടാമത് ഭക്ഷ്യമേള നാളെ അരീക്കോട് നടക്കും
അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍ദ്ധനരായ തങ്ങളുടെ സഹപാഠികള്‍ക്ക് വീട് ഒരുക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച ‘കൂട്ടായ്മയുടെ കൈപ്പുണ്യം’ ഭക്ഷ്യ മേളയുടെ രണ്ടാം പതിപ്പുമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ജനുവരി 13 ശനിയാഴ്ച വൈകിട്ട് നാലുമണി മുതല്‍ 10 മണി വരെ അരീക്കോട് പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ വെച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
2018 ഡിസംബറില്‍ നടന്ന ഭക്ഷ്യമേളയുടെ ഒന്നാം പതിപ്പില്‍ സമാഹരിച്ച പണം കൊണ്ട് 7 കുട്ടികള്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ‘പ്രൗഢം’ സ്‌കൂള്‍ നവീകരണ പദ്ധതിയിലേക്ക് ധനസമാഹരണമാണ് ഇത്തവണ ഭക്ഷ്യമേളയിലൂടെ ലക്ഷ്യമിടുന്നത്. വലിയ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മേളയില്‍ സ്റ്റാളുകള്‍ ഒരുക്കുന്നത് സ്‌കൂളിലെ അന്‍പത് ക്ലാസ്സുകളാണ്. ഇവക്ക് പുറമേ, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പൂര്‍വാധ്യാപകഅനധ്യാപകര്‍, സ്‌കൂള്‍ സ്റ്റാഫ്, എം പി ബി ഗ്രൂപ്പ്, ആസ്റ്റര്‍ മദര്‍ മിംസ് എന്നിവരും സ്റ്റാളുകള്‍ ഒരുക്കുന്നുണ്ട്. വീടുകളില്‍ നിന്നും ഉണ്ടാക്കി കൊണ്ട് വരുന്ന ഭക്ഷ്യവിഭവങ്ങള്‍ക്ക് പുറമേ ലൈവ് കൗണ്ടറുകളും സജ്ജമാക്കുന്നുണ്ട്. പുതുമയാര്‍ന്ന സ്റ്റാര്‍ട്ടറുകളില്‍ തുടങ്ങി വ്യത്യസ്തയിനം ജ്യൂസുകള്‍, ബിരിയാണികള്‍, സ്‌നാക്ക്‌സ്, ബ്രെഡ് ഐറ്റംസ്, ചിക്കന്‍ വിഭവങ്ങള്‍, സീ ഫുഡ്, ഡെസ്സര്‍ട്ട് ഐറ്റംസ്, കേക്ക്, നാടന്‍ വിഭവങ്ങള്‍ തുടങ്ങി പേരറിയുന്നതും അറിയാത്തതുമായ വൈവിധ്യങ്ങളുടെ വന്‍ ശേഖരം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് മേള നടത്തുന്നത്. കുടുംബസമേതം ആയിരക്കണക്കിനാളുകള്‍ ഭക്ഷ്യമേളക്ക് എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഫുഡ് ഫെസ്റ്റ് ജനറല്‍ കണ്‍വീനറും സ്‌കൂള്‍ പ്രിന്‍സിപ്പളുമായ കെ ടി മുനീബുറഹ്മാന്‍, ഹെഡ്മാസ്റ്റര്‍ സി പി അബ്ദുല്‍ കരീം, പി ടി എ പ്രസിഡന്റ് മുനീര്‍ ടി പി, ശബീര്‍ കെ, ജസീര്‍ പി കെ,റഹ്മത്തുള്ള എം പി , ഷൗക്കത്ത് മാസ്റ്റര്‍, ഡോ. ലബീദ് നാലകത്ത് , നവാസ് ചീമാടന്‍ എന്നിവര്‍ പങ്കെടുത്തു.