കക്കാൻ കയറിയ കട കാലി, 20 രൂപ കടക്കാരന് സംഭാവന നൽകി കൈകൂപ്പി കള്ളന്റെ മടക്കം- വീഡിയോ
ഹൈദരാബാദ്: മോഷ്ടിക്കാൻ കയറിയ കള്ളൻ കടയിൽ ഒന്നുമില്ലാത്തതിനാൽ 20 രൂപ കടക്കാരന് സംഭാവന നൽകി സ്ഥലം വിട്ടു. ഹൈദരാബാദിലെ ഒരു റസ്റ്റോറന്റിൽ കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒന്നും കിട്ടാതെ വന്നപ്പോൾ റസ്റ്റോറന്റിൽ നിന്ന് ഒരു കുപ്പി വെള്ളമെടുത്ത് അതിന്റെ വിലയായ 20 രൂപ മേശയിലേക്കിട്ട് മടങ്ങുകയായിരുന്നു കള്ളൻ. നിരാശനായ ഇയാൾ സി.സി.ടി.വി നോക്കി കൈകൂപ്പുന്നതും വീഡിയോയിൽ കാണാം.empty
മുഖം മറച്ചെത്തിയ കള്ളൻ കടയുടെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കടക്കുന്നത്. കട മുഴുവൻ അരിച്ചു പെറുക്കിയിട്ടും ഒന്നും കിട്ടാതെ വന്നപ്പോഴാണ് ഇയാൾ ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി വെള്ളമെടുക്കുന്നത്. തുടർന്ന് പേഴ്സിൽ നിന്ന് 20 രൂപ മേശയിലേക്ക് വലിച്ചെറിഞ്ഞ് മടങ്ങുകയായിരുന്നു.
പിറ്റേന്ന് രാവിലെ റെസ്റ്റോറന്റ് ഉടമ ദൃശ്യങ്ങൾ കണ്ടെത്തുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെ രസകരമായ പ്രതികരണങ്ങളാണ് എത്തുന്നത്. മോഷ്ടിക്കാൻ കയറിയിട്ട് വെള്ളത്തിന് പണം നൽകി മടങ്ങിയ കള്ളന്റെ സത്യസന്ധതയും കമന്റുകളിൽ നിറയുന്നുണ്ട്.