കടുവയെ കണ്ടെത്താനായില്ല; വയനാട് തലപ്പുഴയിൽ വനംവകുപ്പിന്റെ മെഗാ തെരച്ചിൽ അവസാനിച്ചു

Wayanad

വയനാട്: കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച വയനാട് തലപ്പുഴയിൽ വനംവകുപ്പിന്റെ മെഗാ തെരച്ചിൽ അവസാനിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ തെരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. കടുവയെ തിരിച്ചറിഞ്ഞതായും എട്ട് വയസ് പ്രായമുളള പെൺ കടുവയുടെ ദൃശ്യം നേരത്തെ ലഭിച്ചിരുന്നതായും നോർത്ത് വയനാട് DFO മാർട്ടിൻ ലോവൽ പറഞ്ഞു.Wayanad

ഒരു മാസത്തിനിടെ തലപ്പുഴയിൽ പലയിടങ്ങളിലായി കടുവ എത്തിയതോടെയാണ് ജനങ്ങൾ ഭീതിയിലായത്. വനംവകുപ്പിന്റെ കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതിന് പിന്നാലെ പലരും കടുവയെ നേരിൽ കാണുകയും ചെയ്തു. ഇതോടെയാണ് പ്രദേശത്ത് മെഗാ തിരച്ചിലിന് തീരുമാനമായത്. തലപ്പുഴ 43ാം മൈൽ, ജോൺസൺകുന്ന്, കമ്പിപ്പാലം, കരിമാനി പാരിസൺ എസ്റ്റേറ്റിനോട് ചേർന്ന വനപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് തെരച്ചിൽ നടത്തിയത്.

പത്തനംതിട്ട കോന്നിയിൽ എലിയറക്കൽ മില്ലിന് സമീപം പുലിയിറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. അരുവാപ്പുലം, പൂവൻപാറ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പുലി വളർത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു. പാലക്കാട് നെല്ലിയാമ്പതിയില്‍ കിണറ്റില്‍ അകപ്പെട്ട പുലിയെ ഉൾവനത്തിൽ തുറന്ന് വിടുമെന്ന് വനം വകുപ്പ് അറിയിച്ചു. കിണറ്റിലേക്ക് കൂടിറക്കിയാണ് പുലിയെ പിടികൂടിയത്.

അതേസമയം, തൃശ്ശൂർ പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട താമര വെള്ളച്ചാൽ സ്വദേശി പ്രഭാകരന്റെ സംസ്കാരം നടത്തി. സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത മന്ത്രി കെ.രാജൻ നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡു കുടുംബത്തിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *