പൂവ്വത്തിപ്പൊയിലിലും കാട്ടാനയുടെ വിളയാട്ടം

കാട്ടാനക്കൂട്ടം നശിപ്പിച്ച ബേബിയുടെ വാഴത്തോട്ടം
വഴിക്കടവ്: പൂവ്വത്തിപ്പൊയിലിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ‍്യാപകമായി കൃഷിനാശം വരുത്തി. പള്ളിപറമ്പിൽ ബേബി, മൂച്ചിക്കൽ കുട്ടൻ എന്നിവരുടെ കായ്ഫലമുള്ള വാഴകൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്. ഇവിടെ നെല്ലിക്കുത്ത് വനാതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ച സോളാർ തൂക്കുവേലി തകർത്താണ് ആനക്കൂട്ടം കൃഷിയിടത്തിലിറങ്ങിയത്. കർഷകർ ബഹളം വെച്ചതോടെ കാട് കയറിയ കാട്ടാനകൾ പുലർച്ചെ വീണ്ടുമെത്തിയാണ് കൃഷിനാശം വരുത്തിയത്.
തൂക്കുവേലിക്ക് ചുറ്റുമുള്ള അടിക്കാടുകൾ വെട്ടിമാറ്റാത്തത് മൂലം വേലിയിലൂടെയുള്ള വൈദ‍്യുതി പ്രസരണം കുറഞ്ഞിട്ടുണ്ട്. വാർഡ് അംഗം എരഞ്ഞിയിൽ മുജീബ് റഹ്മാന്‍റെ നേതൃത്വത്തിൽ വനപാലകർ കൃഷിയിടം സന്ദർശിച്ചു. വേലിക്ക് സമീപമുള്ള അടിക്കാടുകൾ വെള്ളിയാഴ്ച മുതൽ വെട്ടിമാറ്റുമെന്ന് വനപാലകർ പറഞ്ഞു.
