സ്വഭാവ ദൂഷ്യം, ക്രിമിനല്‍ കേസ്; എൽ.ഡി.എഫ് സർക്കാർ പിരിച്ചുവിട്ടത് 144 പൊലീസുകാരെ
തിരുവനന്തപുരം: ക്രിമിനൽ കേസുകളും ഗുരുതര പെരുമാറ്റദൂഷ്യവും കാരണം രണ്ട് എൽ.ഡി.എഫ് സർക്കാറുകളുടെയും കാലത്ത് പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടത് 144 പേരെ.
2016 മേയ് 25 മുതല്‍ ഈ വർഷം സെപ്റ്റംബർ 18 വരെയുള്ള കാലയളവില്‍ ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 82 പേരെയും ഗുരുതര പെരുമാറ്റദൂഷ്യത്തിന് 62 പേരെയുമാണ് പിരിച്ചുവിട്ടത്.
കൂടാതെ, അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്നതുള്‍പ്പെടെ കാരണങ്ങള്‍ക്ക് 241 പൊലീസുദ്യോഗസ്ഥരേയും സര്‍വീസില്‍ നിന്നും നീക്കം ചെയ്തു.
ഈ സര്‍ക്കാറിന്‍റെ കാലത്ത്, 2021 മേയ് 20 മുതല്‍ 2025 സെപ്റ്റംബർ 18 വരെ ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിന് 46 പേരെയും ഗുരുതര സ്വഭാവ ദൂഷ്യത്തിന് 38 പേരെയുമാണ് പിരിച്ചുവിട്ടത്. അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്നതിന് 169 പേരെയും നീക്കം ചെയ്തിട്ടുണ്ടെന്നു സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്ര ശേഖര്‍ അറിയിച്ചു.
