യു.ഡി.എഫിനോട് തർക്കിച്ച് ഏറ്റുമുട്ടാനില്ല, വാതിലടച്ചെങ്കിൽ അടക്കട്ടെ – വിഷ്ണുപുരം ചന്ദ്രശേഖരൻ


തിരുവനന്തപുരം: യു.ഡി.എപിനോട് തർക്കിച്ച് ഏറ്റുമുട്ടാനില്ലെന്ന നിലപാടെടുത്ത് കേരള കാമരാജ് കോൺഗ്രസ് അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖർ. യു.ഡി.എഫിന് അയിത്തമില്ല. പക്ഷേ അറിയാത്തത് പറഞ്ഞാൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായുള്ള ഈ വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ല. എൻ.ഡി.എ മുന്നണിയിലുള്ള അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കുകയും യു.ഡി.എഫിന് വന്നിട്ടുള്ള തെറ്റിദ്ധാരണ നീക്കുകയെന്നതുമാണഅ ഇന്നത്തെ യോഗ തീരുമാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എൻ.ഡി.എയിലുള്ള അതൃപ്തി പരിഹരിക്കാൻ രാജീവ്‌ ചന്ദ്രശേഖറിന് കഴിഞ്ഞാൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചിലപ്പോൾ സ്വതന്ത്രരായി തുടരും. പറഞ്ഞ കാര്യങ്ങൾ ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തിയാൽ മാത്രമേ എൻ.ഡി.എയുമായി സഹകരക്കൂ. കോർപറേഷനിലെ സത്യപ്രതിജ്ഞക്ക് കാമരാജ് കോൺഗ്രസിനെ ക്ഷണിച്ചില്ല. പാർട്ടിയെ മുന്നണിയിൽ ഒതുക്കാനുള്ള ശ്രമം ആണ് നടക്കുന്നതെന്നും വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു.

നിയമസഭയിൽ ആറ് സീറ്റുകൾ ആവശ്യപ്പെടും. അതിൽ തിരുവനന്തപുരത്ത് കോവളം, അരുവിക്കര, പാറശ്ശാല മണ്ഡലങ്ങളുംഇടുക്കിയിൽ പീരുമേട്, കോഴിക്കോട് സൗത്ത് എന്നിവയും ആവശ്യപ്പെടും. ഞങ്ങൾ ആരുടെയും അടിമയല്ല എന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് വാതിൽ അടച്ചു വെച്ചോട്ടെ. ഇരന്നു പോകേണ്ട കാര്യം കാമരാജ് കോൺഗ്രസ്സിന് ഇല്ല. നാല് മാസം മുൻപ് പ്രതിപക്ഷ നേതാവുമായും കെ മുരളീധരനുമായും സംസാരിച്ചിരുന്നു. യു.ഡി.എഫിനോട് തർക്കിച്ചു ഏറ്റുമുട്ടാൻ ഞങ്ങളില്ല. യു.ഡി.എഫിനെ ഞങ്ങൾ വഞ്ചിച്ചിട്ടില്ല. ആദ്യം മുതൽ സഹായം മാത്രമേ ചെയ്തിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വിഡി സതീശനുമായി സംസാരിച്ചിട്ടില്ല. മുൻകാലങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ട്. അതിൽ സംശയമില്ല. രണ്ട് സമയത്ത് വി.ഡി സതീശനെ വിളിച്ചിരുന്നു. ഗണ്‍മാന്‍ ആണ് എടുത്തത്. യോഗത്തിലാണെന്ന് മാത്രമാണ് പറഞ്ഞത്. മറ്റ് സംഭാഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.