അവളെ പിടിച്ചുവലിച്ചു, കയ്യിലെ കമ്പുകൊണ്ട് അടിച്ചിട്ടും അവർ വിട്ടില്ല: കാണാതായ പെൺകുട്ടിയുടെ സഹോദരൻ
കൊല്ലം∙ കൊല്ലത്ത് ആറുവയസ്സുകാരിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നതു നാലുപേരെന്നു പെൺകുട്ടിയുടെ സഹോദരൻ. നാലുപേരും മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നെന്നും അറിയുന്ന ആരും കൂട്ടത്തിലുണ്ടായിരുന്നില്ലെന്നും എട്ടുവയസ്സുകാരൻ പറഞ്ഞു. ‘‘അമ്മിച്ചിക്ക് കൊടുക്കാനെന്നു പറഞ്ഞു ഒരു പേപ്പർ കാറിലെത്തിയവർ തന്നു. ഞാനത് വാങ്ങിയില്ല. അപ്പോഴേക്കും അവളെ പിടിച്ചുവലിച്ചു. എന്റെ കയ്യിലൊരു കമ്പുണ്ടായിരുന്നു. അതുകൊണ്ട് അടിച്ചിട്ടും അവർ വിട്ടില്ല. എന്നെ വലിച്ചിഴച്ചു. അറിയുന്ന ആരും കൂട്ടത്തിലുണ്ടായിരുന്നില്ല. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണു കാറിലുണ്ടായിരുന്നത്.അവർ മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു’’– സഹോദരൻ പറഞ്ഞു.
Also Read:കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി
ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു 7 വയസ്സുകാരി അഭികേൽ സാറയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂർ സ്വദേശി റെജിയുടെ മകളാണ് അഭികേൽ സാറ. വൈകിട്ടു നാലുമണിയോടെ സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേയാണു സംഭവം. അഭികേലിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നു സഹോദരൻ അറിയിച്ചതോടെ കുടുംബം പൊലീസിൽ ഫോൺ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്. സംഭവത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.