സൂപ്പർ ലീഗ് കേരള; ഇന്ന് നിർണായകം

തിരുവനന്തപുരം: പുതിയ താരങ്ങളും തന്ത്രങ്ങളുമായി തിരുവനന്തപുരം കൊമ്പൻസ് സൂപ്പർ ലീഗ് കേരളയിലെ സ്വന്തം തട്ടകത്തിലെ അവസാന മത്സരത്തിന് ഇന്ന് ഇറങ്ങും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകുന്നേരം 7.30 ന് നടക്കുന്ന സെമി ഉറപ്പാക്കാനുള്ള നിർണായക പോരാട്ടത്തിൽ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ഫോഴ്സ കൊച്ചിയാണ് കൊമ്പന്മാരുടെ എതിരാളികൾ. ഹെയ്തിയിൽ നിന്നുള്ള മുന്നേറ്റനിര താരം കെർവെൻസ് ബെൽഫോർട്ടാകും കൊമ്പൻസിന്റെ തുറുപ്പ് ചീട്ട്. ഫിനിഷിങ്ങിലെ പിഴവാണ് മൂന്നാം സീസണിൽ പല മത്സരങ്ങളിലും തിരുവനന്തപുരം കൊമ്പൻസിന് തിരിച്ചടിയായത്. ആ പിഴവ് തിരുത്തിയാണ് കൊമ്പൻമാർ അവസാന ഹോം മാച്ചിന് ഇറങ്ങുന്നത്. സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ കാലിക്കറ്റ് എഫ്.സിയെ ചാമ്പ്യന്മാരാക്കിയ രണ്ട് പേരാണ് കൊമ്പൻസിന്റെ വിജയത്തിനായി ഒത്തു ചേരുന്നത്. കോച്ച് ഇയാൻ ഗില്ലനും കെർവെൻസ് ബെൽഫോർട്ടും ചേർന്ന് കൊമ്പന്മാരെ വീണ്ടും വിജയ പാതയിലേക്ക് നയിക്കുമെന്നാണ് മാനേജ്മെന്റിന്റേയും പ്രതീക്ഷ. 2016-’17 സീസണിൽ കേരള ബ്ളാസ്റ്റേഴ്സിന് വേണ്ടിയും കെർവെൻസ് ബൈൽഫോർട്ട് കളിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ലീഗിലെ ഒന്നാം സ്ഥാനക്കാരായ കാലിക്കറ്റ് എഫ്.സിയുമായി സ്വന്തം തട്ടകത്തിൽ കൊമ്പന്മാർ പരാജയപ്പെട്ടെങ്കിലും അത് പോയന്റ് പട്ടികയിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. ഏഴ് മത്സരങ്ങളിൽ നിന്ന് എട്ട് പോയന്റുമായി ഇപ്പോഴും നാലാം സ്ഥാനത്ത് തന്നെയാണ് കൊമ്പൻസ്. പക്ഷെ ഇനിയുള്ള മൂന്ന് മത്സരങ്ങൾ നിർണായകമാണ്. കൊച്ചിയുമായുള്ള അവസാന ഹോം മാച്ച് കഴിഞ്ഞാൽ പിന്നെ മൂന്നാം സ്ഥാനത്തുള്ള മലപ്പുറവുമായും അഞ്ചാം സ്ഥാനത്തുള്ള തൃശൂരുമായും അവരുടെ തട്ടകങ്ങളിലാണ് കൊമ്പൻസിന്റെ ശേഷിക്കുന്ന മത്സരങ്ങൾ. അതുകൊണ്ട് തന്നെ സ്വന്തം തട്ടകത്തിൽ ആരാധകരുടെ പിന്തുണയോടെ ഇന്ന് ജയിച്ച് മൂന്ന് പോയന്റ് സ്വന്തമാക്കാൻ പുതിയ തന്ത്രങ്ങളുമായിട്ടാണ് കൊമ്പൻസ്. ലീഗിൽ രണ്ടാം സ്ഥാനക്കാരാണെങ്കിലും അവസാന മത്സരത്തിൽ മലപ്പുറത്തിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കൊച്ചി ഫോഴ്സ പരാജയപ്പെട്ടിരുന്നു. മൂന്ന് ഗോൾ വഴങ്ങിയതിനെക്കാൾ ഒരു ഗോൾ പോലും മടക്കാനായില്ല എന്നതാണ് കൊച്ചിയെ കൂടുതൽ അലട്ടുന്നത്. ഈ നിരാശ മറികടന്ന് സെമി ഉറപ്പാക്കാനുള്ള ശ്രമമാകും കൊച്ചി നടത്തുക.
