മലങ്കരയിലെ യാക്കോബായ-ഓർത്തഡോക്സ് പള്ളി തർക്കം: പ്രധാനമന്ത്രിയുടെ ഇടപെടലും ലക്ഷ്യം കണ്ടില്ല

തൊടുപുഴ: മലങ്കരയിലെ യാക്കോബായ-ഓർത്തഡോക്സ് പള്ളി തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി നടത്തിയ ഇടപെടലും പാതിവഴിയിൽ നിലച്ചു. പതിറ്റാണ്ടുകൾ പിന്നിട്ട സഭാതർക്കം പരിഹരിക്കുമെന്ന പ്രഖ്യാപനത്തോടെ 2017ലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇടപെടുവിച്ച് കേരളത്തിലെ ഒരുവിഭാഗം ബി.ജെ.പി-എൻ.ഡി.എ നേതാക്കൾ നടത്തിയ നീക്കമാണ് പാളിയത്.

പ്രശ്നപരിഹാരത്തിന് രണ്ടു ഘട്ടങ്ങളിലാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ ചർച്ചകൾ നടന്നത്. 2020 ഡിസംബർ 28,29 തീയതികളിലായിരുന്നു ആദ്യവട്ട ചർച്ച. അന്ന് ഇരുവിഭാഗത്തേയും വെവ്വേറെയാണ് കണ്ടത്. മിസോറം ഗവർണറായിരുന്ന പി.എസ്. ശ്രീധരൻ പിള്ളയാണ് ചർച്ചകൾക്ക് അവസരമൊരുക്കിയത്.

അതിനു ശേഷം നിലച്ച സമവായ നീക്കങ്ങൾ കഴിഞ്ഞ ഫെബ്രുവരി 26 നാണ് വീണ്ടും വാർത്തകളിലിടം നേടിയത്. അന്ന് എൻ.ഡി.എയിൽ പുതുതായി ഇടംപിടിച്ച ട്വൻറി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിന്റെ ഇടപെടലിനെ തുടർന്ന് യാക്കോബായ സഭ മേലധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ ചർച്ചകൾക്കാ‍യി മാത്രം ലബനാനിൽനിന്ന് ഡൽഹിയിലെത്തുകയും പ്രധാനമന്ത്രിയെ കാണുകയും ചെയ്തു. പ്രശ്നം സമവായത്തിലൂടെ പരിഹരിക്കണമെന്ന നിലപാട് സ്വീകരിച്ച പ്രധാനമന്ത്രി, സഭകൾ ഭിന്നിക്കരുതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാൽ, ഇതിന്റെ തുടർ ചർച്ചകൾ ഓർത്തഡോക്സ് വിഭാഗവുമായി ഉണ്ടാകുമെന്ന് കരുതിയെങ്കിലും നടന്നില്ല.

ഇതോടൊപ്പം, ഈ രണ്ടു ചർച്ചകളും കേരളത്തിലെ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് നടന്നതെന്നതിനാൽ ഇത് ക്രൈസ്തവ വോട്ടുകൾ ലക്ഷ്യംവെച്ചാണെന്ന പ്രചാരണവുമുണ്ടായിരുന്നു. ഏതായാലും തുടർ ചർച്ചകളില്ലാതായതോടെ അനുരഞ്ജന നീക്കവും അകാല ചരമമടഞ്ഞു.

ആറു ദിവസത്തെ സന്ദർശനത്തന് ബുധനാഴ്ച ഇന്ത്യയിലെത്തിയ യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവ ഇത്തവണ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടോ എന്നതും വ്യക്തമല്ല. അതേസമയം, പാത്രിയാർക്കീസ് ബാവയുടെ സന്ദർശനത്തിൽ ഭരണതലത്തിലെ പ്രമുഖരെ കാണുന്നത് സ്വഭാവികമാണെന്നും അത്തരം കൂടിക്കാഴ്ചകളിൽ സഭ നേരിടുന്ന പ്രശ്നങ്ങളും ഉയർന്നുവരുമെന്നും യാക്കോബായ സഭ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത ‘മാധ്യമ’ത്തോട് പറഞ്ഞു.

എന്നാൽ, പ്രശ്ന പരിഹാരത്തിന് ആത്മാർഥത സമീപനം ആർക്കുമില്ലെന്നും അന്തരീക്ഷത്തിൽ നിന്നുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും ഓർത്തഡോക്സ് സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നടത്തിയ ഇടപെടലുകളെ കുറിച്ച് ഇതുവരെ സഭക്ക് ഒരറിയിപ്പും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.