‘ആഞ്ചലോസ് അത് പറയാൻ പാടില്ലായിരുന്നു’; ചിന്ത വാരികയിലെ പുന്നപ്ര-വയലാർ വിവാദത്തിൽ തുറന്നടിച്ച് തോമസ് ഐസക്

ആലപ്പുഴ: പുന്നപ്ര-വയലാർ സമരചരിത്രം ‘ചിന്ത’യുടെ പ്രത്യേക പതിപ്പിൽ വളച്ചൊടിച്ചെന്ന സി.പി.ഐ നേതാവ് ടി.ജെ. ആഞ്ചലോസിന്റെ ആരോപണം തീർത്തും വസ്തുതാവിരുദ്ധമാണെന്ന് സി.പി.എം നേതാവ് ഡോ. ടി.എം. തോമസ് ഐസക്.
സമരനായകൻ ടി.വി. തോമസിന് അർഹമായ പരിഗണന നൽകിയില്ലെന്ന വിമർശനത്തിനെതിരെയാണ് ഐസക്കിന്റെ ഫേസ്ബുക്കിലൂടെയുള്ള മറുപടി. ആഞ്ചലോസ് ഇത്തരമൊരു ആരോപണം ഉന്നയിക്കാൻ പാടില്ലായിരുന്നുവെന്നും രണ്ടുവർഷം മുമ്പ് സമരസേനാനികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഡയറക്ടറി സി.പി.ഐ നേതൃത്വത്തിന് കൈമാറിയ കാര്യവും ഐസക് ചൂണ്ടിക്കാട്ടി.
ഡൽഹിയിലായിരുന്നതിനാലും തിരക്കിലായിരുന്നതിനാലുമാണ് ആഞ്ചലോസിന്റെയും മറ്റു സഖാക്കളുടെയും വിമർശനം വൈകി ശ്രദ്ധിച്ചതെന്ന് വിശദീകരിച്ചുകൊണ്ടാണ് പ്രതികരണം.
3000 വാക്കുകളിൽ ഒരു ചരിത്രസംഭവം അവതരിപ്പിക്കുമ്പോൾ എല്ലാ കാര്യങ്ങളും പൂർണമായി ഉൾപ്പെടുത്താൻ കഴിയില്ലെന്നും അതിനെ ചരിത്രം വളച്ചൊടിക്കലായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പണിമുടക്കിന് തീരുമാനമെടുത്തത് ടി.വി. തോമസ് പ്രസിഡന്റായിരുന്ന എ.ടി.ടി.യു കൗൺസിലാണെന്ന കാര്യം ‘ചിന്ത’യിലെ ലേഖനത്തിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ട്.
ഭക്തിവിലാസത്തിൽ നടന്ന ത്രികക്ഷി യോഗത്തിൽ സി.പി. രാമസ്വാമി അയ്യരെ വെല്ലുവിളിച്ചത് ടി.വി. തോമസ് തന്നെയായിരുന്നു. അതുകൊണ്ടാണ് യോഗത്തിന്റെ ചിത്രത്തിൽ ടി.വിയുടെ സാന്നിധ്യം പ്രത്യേകം അടിക്കുറിപ്പോടെ നൽകിയതെന്നും ഐസക് വിശദീകരിച്ചു.
അറുപതോളം സമരനായകരുടെ ചിത്രങ്ങൾ നൽകിയതിൽ സി.കെ. കുമാരപ്പണിക്കരുടെ ചിത്രം എട്ടാമതും ടി.വി. തോമസിന്റെ ചിത്രം ഒമ്പതാമതുമാണ് ഉൾപ്പെടുത്തിയതെന്ന വിമർശനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
പി. കൃഷ്ണപിള്ള ഒഴികെയുള്ള നേതാക്കളുടെ ചിത്രങ്ങൾ അക്ഷരമാലാക്രമത്തിലാണ് നൽകിയിട്ടുള്ളത്. സുപ്രധാനമായ 19 നേതാക്കളുടെ പേരുകൾ ആദ്യവും തുടർന്ന് മറ്റു പ്രധാന നേതാക്കളുടെ പേരുകളുമാണ് ഉൾപ്പെടുത്തിയത്. അക്ഷരമാലാക്രമത്തിൽ ‘തോമസ്’ എന്ന പേര് നേരത്തേ വരാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.
‘കേരളത്തെ പിടിച്ചു കുലുക്കിയ ആറ് ദിനം’ എന്ന പ്രത്യേക പതിപ്പിനെ ചൊല്ലിയാണ് വിവാദം. ചിന്ത വാരികയില്‍ അച്ചടിച്ചിട്ടുള്ള ഫോട്ടോയില്‍ സമരനായകന് കെ. കുമാരപ്പണിക്കരുടെ സ്ഥാനം എട്ടാമതും ടി.വി. തോമസിന്റേത് ഒമ്പതാമതുമായി നല്‍കിയത് ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമത്തിന്റെ ഭഗമെന്നാണ് വിമര്‍ശനം. പുന്നപ്ര-വയലാര്‍ എണ്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രത്യേക പതിപ്പ് പുറത്തിറക്കിയത്.
പുന്നപ്ര വയലാറിന്റെ ചരിത്രം, സമരം, രക്തസാക്ഷികള്‍ എന്നിവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വീഴ്ച പറ്റിയെന്നാണ് സി.പി.ഐ ചൂണ്ടിക്കാട്ടുന്നത്.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഡൽഹിയിലാണ്, കുറച്ചു തിരക്കിലുമാണ്. അതുകൊണ്ട് സിപിഐ നേതാവ് ടി.ജെ. ആഞ്ചലോസും മറ്റ് സഖാക്കളും ഫേസ്ബുക്കിലും മറ്റും എഴുതിയ പോസ്റ്റുകൾ ഇപ്പോഴാണ് ശ്രദ്ധിച്ചത്.
‘ചിന്ത’യുടെ പുന്നപ്ര-വയലാർ പതിപ്പ് ചരിത്രം വളച്ചൊടിച്ചു എന്ന ആരോപണം തീർത്തും വസ്തുതാവിരുദ്ധമായ ഒന്നാണ്. 3000 വാക്കുകളിൽ ഒരു ചരിത്രസംഭവത്തെക്കുറിച്ച് എഴുതുമ്പോൾ എല്ലാം പരിപൂർണ്ണമായി എഴുതുവാൻ സാധിക്കുകയില്ലല്ലോ. അത് വളച്ചൊടിക്കലായി കാണേണ്ടതില്ല.
ടി.വി. തോമസിനെ വേണ്ടത്ര ആദരിച്ചില്ല എന്നാണ് ആക്ഷേപം.
ഒന്ന്: പണിമുടക്കിന് തീരുമാനമെടുത്തത് ടി.വി. തോമസ് പ്രസിഡന്റായ എ.ടി.ടി.യു. കൗൺസിലാണ് എന്നാണ് ആഞ്ചലോസ് പറയുന്നത്. അത് കൃത്യമായി ചിന്താ ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്.
രണ്ട്: ഭക്തിവിലാസത്തിൽ വെച്ചുള്ള ത്രികക്ഷി യോഗത്തിൽ വെച്ച് സി.പി. രാമസ്വാമി അയ്യരെ വെല്ലുവിളിച്ചത് ടി.വി. തോമസ് തന്നെയായിരുന്നു. അതുകൊണ്ടാണ് ഏതാണ്ട് അര പേജ് വരുന്ന ഭക്തിവിലാസത്തിലെ യോഗത്തിന്റെ ചിത്രത്തിൽ ടി.വിയുടെ സാന്നിധ്യം പ്രത്യേകം അടിക്കുറിപ്പായി നൽകിയത്.
മൂന്ന്: അറുപതോളം സമരനായകരുടെ ഫോട്ടോ നൽകിയതിൽ സി.കെ. കുമാരപ്പണിക്കരുടെ സ്ഥാനം എട്ടാമതും ടി.വി. തോമസിന്റേത് ഒമ്പതാമതും ആണത്രേ നൽകിയത്. പി. കൃഷ്ണപിള്ള ഒഴികെയുള്ള നേതാക്കളുടെ ചിത്രങ്ങൾ അക്ഷരമാലാക്രമത്തിലാണ് ഡയറക്ടറിയിൽ നൽകിയിട്ടുള്ളത്.
(സുപ്രധാന നേതാക്കളായ 19 പേരുടെ പേരുകൾ ആദ്യവും അതിനുശേഷം മറ്റുള്ള പ്രധാനനേതാക്കളുടെ പേരുകളും) അതിൽ ഇവിടെ വല്ല മാറ്റവും വന്നോ എന്ന് പരിശോധിക്കാം. പക്ഷേ, അക്ഷരമാലാക്രമത്തിൽ ‘തോമസ്’ ആദ്യം വരാൻ കഴിയില്ലല്ലോ.
അന്ന് സിപിഐ(എം)-സിപിഐ രണ്ട് പാർടികൾ അല്ലല്ലോ. ‘ചിന്ത’യിലെ പ്രതിപാദനത്തിന്റെ പ്രത്യേകത അത്തരം പരിഗണനകളില്ലാതെ ചരിത്രം പറഞ്ഞു എന്നുള്ളത് തന്നെയാണ്. ആർക്കു വേണമെങ്കിലും ചിന്താ പതിപ്പും മറ്റു പ്രസിദ്ധീകരണങ്ങളുമായി താരതമ്യപ്പെടുത്തി നോക്കാവുന്നതുമാണ്.
മാരാരിക്കുളം, വയലാർ ദിനാചരണങ്ങളിൽ എംഎൽഎ ആയ നാൾ മുതൽ പങ്കെടുക്കുന്ന ഒരാളാണ് ഞാൻ. സഖാവ് സി.കെ. ചന്ദ്രപ്പൻ മാത്രമാണ് ദിനാചരണത്തിന്റെ സമയത്ത് സമരചരിത്രം പൂർണമായി വിവരിക്കാറുണ്ടായിരുന്നത്. അദ്ദേഹത്തിൻറെ കാലശേഷം മറ്റുള്ളവർ പുന്നപ്ര-വയലാറിനെക്കുറിച്ച് പരാമർശിച്ചതിന് ശേഷം ആനുകാലിക രാഷ്ട്രീയമാണ് പ്രസംഗിക്കുക.
ഇത്തവണത്തെയും രണ്ടിടത്തെയും ദിനാചരണങ്ങളിൽ പങ്കെടുത്തവർ ആരെങ്കിലും ടി.വി. തോമസിനെയോ മറ്റു പല നേതാക്കളെയോ പരാമർശിക്കാതിരുന്നത് അവരോടുള്ള ഒരു ബഹുമാനക്കുറവുകൊണ്ടാണെന്ന് ആരെങ്കിലും പറയുമോ? പിന്നെ എന്തിന് എന്റെ മേക്കിട്ട് കയറണം??
പിന്നെ, വേറെ ആരു പറഞ്ഞാലും ആഞ്ചലോസ് ഇത് പറയുവാൻ പാടില്ലായിരുന്നു. കാരണം രണ്ട് വർഷം മുമ്പ് 1400-ഓളം പുന്നപ്ര-വയലാർ സമരസേനാനികളുടെ വിവരങ്ങൾ ഉൾപ്പെടുന്ന ഡയറക്ടറിയുടെ പ്രിന്റ് ഔട്ട് കത്ത് സഹിതം ഞാൻ സിപിഐ ഓഫീസിൽ എത്തിച്ചതാണ്.
എന്തെങ്കിലും കൂട്ടിച്ചേർക്കലുകളോ തിരുത്തോ വേണമെങ്കിൽ അറിയിക്കണമെന്ന് എന്റെ കത്തും അതിനോടൊപ്പം വെച്ചിരുന്നു. ഡയറക്ടറിയുടെ ആമുഖമായി ഞാൻ എഴുതിയ ചരിത്രക്കുറിപ്പിന്റെ ആദ്യഭാഗങ്ങൾ ഒഴിവാക്കിയാണ് ‘ചിന്ത’യിലെ അവതരണം തയ്യാറാക്കിയത്. പ്രത്യേകിച്ച് ഒരു പ്രതികരണവും അന്ന് ഉണ്ടായില്ല.
2025 വയലാർ ദിനത്തിൽ ഈ ഡയറക്ടറി പ്രകാശിപ്പിച്ചു. കൂട്ടിച്ചേർക്കലുകളും തിരുത്തുകളും നിർദ്ദേശിക്കാൻ അഭ്യർത്ഥിച്ച് ഇത്തവണ പുസ്തകം തന്നെ കൊടുത്തയച്ചിരുന്നു.
ഭേദഗതികൾ അടിയന്തരമായി വെബ്സൈറ്റിൽ വരുത്താമെന്നും അടുത്ത പതിപ്പിൽ ഉൾക്കൊള്ളിക്കാമെന്നും പറഞ്ഞ് ഒരു കത്തും നൽകി. ഇത്തവണ ഒരു കോപ്പി അല്ല, ആലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസുകളിലേക്കും ഓരോ കോപ്പി വീതം കൊടുത്തയച്ചിരുന്നു.
അവരവരുടെ മേഖലകളിലെ സമരസേനാനികളെക്കുറിച്ചുള്ള വിവരണങ്ങളിൽ മാറ്റങ്ങൾ എന്തെങ്കിലും വേണമോ എന്ന് അറിയിക്കണം എന്നായിരുന്നു അഭ്യർത്ഥന.
ഒരു അഭിപ്രായവും ആരിൽ നിന്നും ലഭിച്ചില്ല. എന്നിട്ട് ഇപ്പോൾ ഡയറക്ടറിയുടെ ആമുഖരേഖ ചെറുതാക്കി ‘ചിന്ത’യിൽ ഒരു ദൃശ്യാനുഭവമാക്കി അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ അത് വിവാദമാക്കുന്നതിന്റെ ചേതോവികാരം എന്താണ്?
