മധ്യപ്രദേശിനെ എറിഞ്ഞിട്ട് കേരളം; രഞ്ജി ട്രോഫിയിൽ ശക്തമായ നിലയിൽ
തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തിൽ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. മധ്യപ്രദേശ് ആദ്യ ഇന്നിങ്സിൽ 160 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം.ഡിയുടെ പ്രകടനമാണ് ആദ്യ ദിനം കേരളത്തിന് കരുത്തായത്.Madhya Pradesh
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രജത് പട്ടീദാറും വെങ്കടേഷ് അയ്യരുമടങ്ങിയ കരുത്തുറ്റ മധ്യപ്രദേശ് ബാറ്റിങ് നിര കേരള ബൌളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. മുൻനിര ബാറ്റർമാരെ പുറത്താക്കി തുടക്കത്തിൽ തന്നെ നിധീഷ് കേരളത്തിന് മേധാവിത്വം നൽകി. ഓപ്പണർ ഹർഷ് ഗാവ്ലിയെയും രജത് പട്ടീദാറിനെയും ഒരേയോവറിൽ പുറത്താക്കിയാണ് നിധീഷ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രജത് പട്ടീദാർ പൂജ്യത്തിന് പുറത്തായപ്പോൾ ഹർഷ് ഗാവ്ലി ഏഴും ഹിമൻശു മന്ത്രി 15ഉം റൺസെടുത്ത് കൂടാരം കയറി. ക്യാപ്റ്റന്റെ ഇന്നിങ്സുമായി ഒരറ്റത്ത് ഉറച്ച് നിന്ന ശുഭം ശർമ്മയാണ് വലിയ തകർച്ചയിൽ നിന്ന് മധ്യപ്രദേശിനെ കയകയറ്റിയത്. 54 റൺസെടുത്ത ശുഭം ശർമ്മയാണ് സന്ദർശക നിരയിലെ ടോപ് സ്കോറർ. വെങ്കടേഷ് അയ്യർ 42 റൺസെടുത്തു. പരിക്കേറ്റ് കളം വിട്ട വെങ്കടേഷ് അയ്യർ പിന്നീട് തിരിച്ചെത്തി ബാറ്റിങ് തുടരുകയായിരുന്നു.
നിധീഷിന് പുറമെ ബേസിൽ എൻ പിയും ആദിത്യ സർവാടെയും രണ്ട് വിക്കറ്റ് വീതവും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിനായി ഓപ്പണർമാരായ അക്ഷയ് ചന്ദ്രനും(22) രോഹൻ കുന്നുമ്മലും(25) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ ആദ്യ ദിവസം അവസാനിപ്പിച്ചു