75 മിനുറ്റ് വരെ 4-2ന് പിന്നിൽ; ബാഴ്സ മത്സരം തിരിച്ചുപിടിച്ചതിങ്ങനെ
ലിസ്ബണിലെ എസ്റ്റാഡിയോ ഡൊ സ്പോർട്ടിൽ മത്സരം 75 മിനിറ്റും പിന്നിട്ടിരുന്നു. സ്റ്റേഡിയത്തിലെ കൂറ്റൻ എൽഇഡി ബോർഡിൽ സ്കോർ കാർഡ് മിന്നിത്തിളങ്ങി. ബെനഫിക്ക 4 -ബാഴ്സലോണ 2.Barca
ലിസ്ബണിലെ ഈഗിളുകൾ കാറ്റലോണിയക്കാരെ കൊത്തിപ്പറിച്ചിരിക്കുന്നുവെന്നതിന് സ്കോർ ബോർഡ് തന്നെ സാക്ഷി. ഈ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഇനി മഹാത്ഭുതം തന്നെ സംഭവിക്കണം. അതല്ലെങ്കിൽ ഒരു മിശിഹായോ ഒരു മാന്ത്രികനോ വരണം. കയ്പ്പുള്ള ആ യഥാർഥ്യം ഓരോ കാറ്റലോണിയക്കാരനും മനസ്സിലാക്കിത്തുടങ്ങി.
സ്റ്റേഡിയത്തിന് മേൽ പതുക്കെ പെയ്തിറങ്ങിയ വെള്ളത്തുള്ളികൾ പേമാരിയായി മാറിത്തുടങ്ങിയിരുന്നു. മുറിവേറ്റവരുടെ വീര്യവുമായി ബാഴ്സ പന്തുതട്ടിത്തുടങ്ങി. നനഞ്ഞുകുതിർന്ന ജഴ്സിക്കുള്ളിലും ഒരു തീക്കാറ്റ് അവർ സൂക്ഷിച്ചിരുന്നു. പിന്നീട് മൈതാനത്ത് നടന്നത് ചാമ്പ്യൻസ് ലീഗിലെ ഏറ്റവും അവിസ്മരണീയമായ തിരിച്ചുവരവുകളിലൊന്നായിരുന്നു. കളിയുടെ തുടക്കം മുതൽ പറയാതെ ആ തിരിച്ചുവരവിന്റെ കഥ പൂർണമാകില്ല.
ഒരു ഫുട്ബോൾ മത്സരത്തിൽ നിന്നും എന്തൊക്കെ പ്രതീക്ഷിച്ചോ.. അതെല്ലാം നൽകിയ രാവായിരുന്നു ഇന്നലെ ലിസ്ബണിൽ പെയ്തത്. ഹൈക്വാളിറ്റി പെർഫോമൻസ് എന്ന് വിളിക്കാനാകില്ലെങ്കിലും ഒരു ഫുട്ബോൾ മത്സരത്തിൽ നിന്നും പ്രതീക്ഷിക്കാവുന്ന സകല നാടകീയതകളും അതിലുണ്ടായിരുന്നു.
സ്വന്തം ആരാധകർക്ക് മുന്നിൽ സ്വപ്നം കണ്ടത് പോലെയാണ് ബെനഫിക്ക മത്സരം തുടങ്ങിയത്. രണ്ടാം മിനുറ്റിൽ തന്നെ ബാഴ്സക്ക് വെള്ളിടിവെട്ടിച്ച് ബെനഫിക്കയുടെ ഗോളെത്തി. ബാഴ്സ ഡിഫൻസിലൂടെ കടന്നുവന്ന ക്രോസ് ബെനഫിക്ക സ്ട്രൈക്കർ പാവ്ലെഡസ് ബാഴ്സ വലയിലേക്ക് തൊടുത്തു.ബൂട്ടുകൾ മൈതാനത്ത് ഉറക്കും മുമ്പേയെത്തിയ ഗോൾ ബാഴ്സയെ ശരിക്കും ഞെട്ടിച്ചു.
11ാം മിനുറ്റിലായിരുന്നു ബാഴ്സയുടെ സമയം തെളിഞ്ഞത്. പന്തുമായി ബെനഫിക്ക ബോക്സിലേക്ക് മുന്നേറവേ ബാൽഡെ ഫൗൾ ചെയ്യപ്പെടുന്നു. ബാൽഡെ നിലത്ത് കിടക്കുകയാണെങ്കിലും കോർണർ കിക്കിനായി ബാഴ്സ ഒരുങ്ങി. അതിനിടയിലാണ് റഫറി ഡാനി മെക്കേല വാറിന്റെ വിളികേൾക്കുന്നത്. പരിശോധനക്ക് ശേഷം റഫറി വിധിച്ചു. ബാൽഡെ നേരിട്ടത് ഫൗളാണ്. ബെനഫിക്ക താരങ്ങളുടെ പ്രതിഷേധങ്ങൾക്കിടയിലൂടെ ലെവൻഡോവ്സ്കി കിക്കെടുക്കാനൊരുങ്ങി. ഒരു പൂപറിക്കുന്ന ലാഘവത്തിൽ ലെവ അത് ഗോളാക്കി മാറ്റി.
അടുത്ത നാടകീയ മുഹൂർത്തം അരങ്ങേറിയത് 22ാം മിനുറ്റിലായിരുന്നു. ഇക്കുറി ബാഴ്സക്ക് വിനയായത് ഷെസ്നിയുടെ അമിതാവേശം. 30 യാർഡ് അകലെനിന്ന പന്തിനായി ഓടിയെത്തിയ ഷെസ്നി ബാൽഡെയുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവരും നിലത്ത് കിടക്കുമ്പോൾ പാവ്ലെഡസ് ഗോളിലേക്കുള്ള ഓട്ടത്തിലായിരുന്നു. ഗോളിയില്ലാത്ത പോസ്റ്റിലേക്കൊരു ഗോൾ.
28ാം മിനുറ്റിൽ ഷെസ്നിയുടെ വക അടുത്ത അബദ്ധവുമെത്തി. ഷെസ്നി ചോദിച്ചു വാങ്ങിയ പെനൽറ്റി. കിക്കെടുത്ത പാവ്ലെഡസ് പന്ത് അനായാസം വലയിലേക്കെത്തിച്ചു. 30 മിനുറ്റിനുള്ളിൽ ബാഴ്സ 3-1ന് പിന്നിൽ. മത്സരത്തിന്റെ മൂന്നിലൊന്ന് സമയത്ത് പാവ്ലെഡസ് ഹാട്രിക്ക് നേടിയിരിക്കുന്നു. ഫുട്ബോൾ ലോകത്തേക്ക് ഒരു കൊടുങ്കാറ്റായി ആ വാർത്ത പടർന്നുകയറി. ബെനഫിക്ക ആരാധകരും പാവ്ലീഡസും സ്വപ്നലോകത്തെത്തി.
കാര്യമായ നീക്കങ്ങളില്ലാതെ മത്സരം ആദ്യപകുതിക്കായി പിരിഞ്ഞു. പതുക്കെ പെയ്ത ചാറ്റൽ പേമാരിയായി മാറിത്തുടങ്ങി. തിരിച്ചുവരവിനുള്ള കഠിന ശ്രമത്തിലായിരുന്നു ബാഴ്സ. അതിനിടയിലാണ് ബെനഫിക്ക ഒരു ഗോൾ ബാഴ്സക്ക് ദാനമായി നൽകുന്നത്. ബെനഫിക്ക ഗോൾകീപ്പർ ട്രൂബിളിന്റെ ഗോൾകിക്ക് ബോക്സിന് പുറത്തുനിന്ന റാഫീന്യയുടെ തലയിൽ തട്ടി ബൂമറാങ്ങായി പോസ്റ്റിലേക്ക്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ കണ്ട ഏറ്റവും വിചിത്രമായ ഗോളാണിതെന്നാണ് കമന്ററി അടക്കം പറഞ്ഞത്. പക്ഷേ ആ സേന്താഷങ്ങളെയെല്ലാം കൊല്ലാൻ പോന്ന ഒരു അബദ്ധം വൈകാതെ ബാഴ്സ ചെയ്തു. ബെനഫിക്ക മുന്നേറ്റം തടുക്കാനുള്ള അരോഹോയുടെ ശ്രമം അവസാനിച്ചത് സ്വന്തം പോസ്റ്റിൽ. മത്സരത്തിൽ ബാഴ്സക്ക് ബെനഫിക്ക ഒരു ശവപ്പെട്ടി ഒരുക്കുമെന്നും ആ ശവപ്പെട്ടിയിലെ അവസാന ആണിയാണ് അരോഹോ അടിച്ചതെന്നുമാണ് കരുതിയത്.
75ാം മിനുറ്റിൽ പെനൽറ്റിയുടെ രൂപത്തിൽ ബാഴ്സക്ക് അടുത്ത അവസരമെത്തി. ഗോൾകീപ്പറുടെ മുഖത്തേക്ക് നോക്കാതെ ലക്ഷ്യത്തിലേക്കുറച്ച് ലെവൻഡോവ്സ്കി മറ്റൊരു കിക്ക് കൂടിയെടുത്തു. സ്കോർ 4-3. ‘ഗെയിം ഓൺ’ എന്ന് സ്റ്റേഡിയത്തിൽ അനൗൺസ്മെന്റുയർന്നു.ആഞ്ഞുപിടിച്ചാൽ ഈ മത്സരം കിട്ടുമെന്ന് ബാഴ്സ ഉറപ്പിച്ചു. കാറ്റലോണിയക്കാർ കളിതുടങ്ങി. നനഞ്ഞുകിടന്ന പുല്ലിനും ബെനഫിക്കക്കായി ആർത്തുവിളിച്ച ആയിരങ്ങൾക്കും ബാഴ്സയുടെ വീര്യത്തെ തടുക്കാനായില്ല. 86ാം മിനിറ്റിലാണ് അവർ കണ്ണുനട്ട് കാത്തിരുന്ന നിമിഷമെത്തിയത്. പെഡ്രിയുടെ ഉഗ്രൻ ക്രോസിന് തലവെച്ച് എറിക് ഗാർഷ്യ ബാഴ്സയെ ഒപ്പമെത്തിച്ചു. ടീം ഒന്നടങ്കം ഒരു വിജയം പോലെയാണ് ഈ സമനില ഗോൾ ആഘോഷിച്ചത്.
പലവട്ടം കാതങ്ങൾ പിന്നിൽ നിന്ന ഈ മത്സരത്തിൽ സമനിലപോലും വിജയമാണെന്ന് ബാഴ്സക്ക് തോന്നിത്തുടങ്ങി. പക്ഷേ അടിമുടി സിനിമാറ്റിക്കായ ഈ മത്സരത്തിന് ആരോ കുറിച്ച തിരക്കഥയിലെ ൈക്ലമാക്സ് മറ്റൊന്നായിരുന്നു. ഏഞ്ചൽ മരിയയുടെ ഗോളെന്നുറപ്പിച്ച മുന്നേറ്റത്തിന് കാൽവെച്ച് ഷെസ്നി ഈ മത്സരത്തിൽ കേട്ട വിമർശനങ്ങൾക്കെല്ലാം മനോഹരമായി മുറപടി പറഞ്ഞു. ബാഴ്സ ബോക്സിൽ ബെനഫിക്ക പിന്നെയും കൂട്ടപ്പൊരിച്ചിലുകൾ നടത്തി. അത്തരമൊരു കൂട്ടപൊരിച്ചിലിനിടയിൽ പെനൽറ്റിക്കായി ബെനഫിക്ക താരങ്ങൾ വാദിക്കവേയാണ് കൗണ്ടർ അറ്റാക്കിലൂടെ ബാഴ്സ മറ്റൊരു അവസരം കണ്ടെത്തുന്നത്.
ഒറ്റക്ക് മുന്നേറിയ റാഫീന്യ രണ്ട് ഡിഫൻഡർമാരെയും ഗോൾകീപ്പറെയും സാക്ഷിയാക്കി ബെനഫിക്കയുടെ വല തുളച്ചു. യുദ്ധം ജയിച്ച യോദ്ധാവിന്റെ ഭാവത്തിൽ റാഫീന്യ കൈകളുയർത്തുമ്പോൾ ഗ്യാലറിയിലെ ബെനഫിക്ക ചാന്റുകൾ അടങ്ങിയിരുന്നു. വിജയമെന്നുറപ്പിച്ച മത്സരത്തിൽ തോൽവിയേറ്റുവാങ്ങിതിന്റെ നിരാശയിൽ ചുവന്നമുഖവുമായി ആരാധകർ പുറത്തേക്ക് നടന്നു. വാർ പരിശോധന കൂടി തീർന്നതോടെയാണ് ബാഴ്സക്ക് ശ്വാസം വീണത്. തോൽക്കാൻ എല്ലാ കാരണവുമുണ്ടായിരുന്ന ഒരു മത്സരം തിരിച്ചുപിടിച്ചാണ് ബാഴ്സ തിരിച്ചുനടന്നത്. അതിനിടയിൽ ബെഞ്ചിലിരുന്ന് പ്രതിഷേധിച്ചതിന് ബെനഫിക്കയുടെ അർതുർ അബ്രാലിന് ചുവപ്പ് കാർഡും കിട്ടി.
പെനൽറ്റി, ഇഞ്ച്വറി ടൈം ഗോൾ, സെൽഫ് ഗോൾ, ചുവപ്പ് കാർഡ്, കംബാക്ക്, നാടകീയ ഗോൾ എന്നിങ്ങനെ ഒരു ഫുട്ബോൾ മത്സരത്തിൽ നിന്നും കിട്ടാവുന്നതെല്ലാം ഈ മത്സരത്തിലുണ്ടായിരുന്നു. ഗോൾനേട്ടക്കാരുടെ പേരിൽ ലിസ്റ്റിലില്ലെങ്കിലും ഇൗ മത്സരത്തിൽ പറയേണ്ട പേര് പെഡ്രിയുടേതാണ്. 90 ശതമാനം പാസിങ് അക്യുറസി, മത്സരത്തിന്റെ വിധി നിർണയിച്ച അസിസ്റ്റ്, വിജയിച്ച ഡ്യൂവലുകളും സൃഷ്ടിച്ച ചാൻസുകളമടക്കം മൈതാനത്ത് നിറഞ്ഞുപെയ്ത പെഡ്രി ഈ വിജയത്തിൽ മറ്റാരെക്കാളും കൈയ്യടി അർഹിക്കുന്നു.