ട്രെയിനിലെ തീവെപ്പ്: അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനിന് തീ​െവച്ച സംഭവത്തില്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് പൊലീസ്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണിപ്പോള്‍ അന്വേഷണം.

കേരള പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയത്. നോയിഡയിലെ ചില ജിമ്മുകളില്‍ അടക്കമെത്തി ഉത്തര്‍പ്രദേശ് പൊലീസ് വിവരം തേടിയതായാണ് അറിയുന്നത്. ഇതിനിടെ, ആർ.പി.എഫ്.ഐ.ജി. ജി.എം. ഈശ്വർ റാവു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധനക്കെത്തി.

പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു. പ്രതികളിലേക്കെത്താന്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഊര്‍ജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും എ.ഡി.ജി.പി വ്യക്തമാക്കി. കേസ് അന്വേഷിക്കുന്നത് പുതുതായി രൂപവൽകരിച്ച പ്രത്യേക സംഘമാണ്. ഇതുവരെയുള്ള പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഏറെ വിവരങ്ങള്‍ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ പ്രതികളിലേക്കെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സംസ്ഥാന പൊലീസ് മേധാവി നിയോഗിച്ചിരുന്നു. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി അജിത് കുമാറിനൊപ്പം മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ഉള്‍പ്പെടെ 18 അംഗങ്ങളാണ് സംഘത്തിലുള്ളത്. ഭീകരവിരുദ്ധ സേന ഡി.വൈ.എസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡി.വൈ.എസ്.പി വി.വി.ബെന്നി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാരും സംഘത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *