‘കടന്നുപിടിച്ചെന്ന പരാതി വ്യാജം’, ആരോപണങ്ങള്‍ നിഷേധിച്ച് ജയസൂര്യ; ലൈംഗികാതിക്രമക്കേസിൽ നടനെ ചോദ്യം ചെയ്തു
എറണാകുളം: ലൈംഗികാതിക്രമക്കേസിൽ നടൻ ജയസൂര്യയെ പൊലീസ് ചോദ്യം ചെയ്തു. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ നടി ഉന്നയിച്ച പരാതി ജയസൂര്യ പൂർണമായും നിഷേധിച്ചു. തനിക്ക് നടിയുമായി ഒരു സൗഹൃദവുമില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ജയസൂര്യ പ്രതികരിച്ചു. ജയസൂര്യയെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു.
2008-ൽ സെക്രട്ടറിയേറ്റിൽ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ ജയസൂര്യയെ ഇന്ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. സെക്രട്ടറിയേറ്റിലെ ഒന്നാം നിലയിലാണ് ഷൂട്ടിങ് നടന്നത്. മൂന്നാം നിലയിൽ വെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. ഇത് വ്യാജമാണെന്നും ജയസൂര്യ പറഞ്ഞു.
നടിയുടെ പരാതി സാധൂകരിക്കുന്ന ഒരു തെളിവുകളും കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുമില്ല. 2008 ജനുവരി ഏഴിനും പത്തിനുമിടയിൽ സംഭവം നടന്നെന്നാണ് പരാതി. എന്നാൽ ഏത് തീയതിയിലാണ് സെക്രട്ടറിയേറ്റ് ഷൂട്ടിങ്ങിന് വിട്ടുനൽകിയതെന്ന് സ്ഥിരീകരിക്കാൻ പൊതുഭരണ വകുപ്പിണും കഴിഞ്ഞില്ല. ഇതിന്റെ രേഖകൾ ഇപ്പോൾ കൈവശമില്ലെന്നായിരുന്നു വകുപ്പ്, അന്വേഷണ സംഘത്തിന് നൽകിയ മറുപടി. ഇതോടെ കൂടുതൽ ചോദ്യം ചെയ്യലിന് ജയസൂര്യയെ വിളിക്കാനും സാധ്യതയില്ല.