ആദിവാസി സ്ത്രീയെ ബലാൽത്സംഗം ചെയ്ത കേസ്: പ്രതി പിടിയിൽ
മാനന്തവാടി: വയനാട്ടിൽ വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ക്രൂരമായി ബലാൽത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ. പൂളിമൂട് സ്വദേശി വർഗീസിനെയാണ് തിരുനെല്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ നാട്ടുകാരനായ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവതി പറഞ്ഞിരുന്നു.
മനുഷ്യാവകാശ പ്രവർത്തകരുടെ സഹായത്തോടെ യുവതി മാനന്തവാടി ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാകാവസ്ഥ മുതലെടുത്താണ് പ്രതി ആദിവാസി യുവതിയെ ഒരു വർഷത്തോളം ചൂഷണത്തിനിരയാക്കിയതെന്നാണ് പൊലീസ് വിലയിരുത്തൽ. നേരത്തെ പൊലീസിൽ വിവരറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും പൊലീസ് ഒത്തുതീർപ്പ് ആവശ്യപ്പെട്ടെന്നും യുവതി ആരോപിക്കുന്നുണ്ട്.