സമാജ്‌വാദി പാർട്ടി എം.പി അവധേഷ് പ്രസാദിനെ ഡെപ്യൂട്ടി സ്പീക്കറാക്കണമെന്ന് തൃണമൂൽ കോൺഗ്രസ്
ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി എം.പിയായ അവധേഷ് പ്രസാദിനെ ഡെപ്യൂട്ടി സ്പീക്കറാക്കണമെന്ന് തൃണമൂൽ കോൺഗ്രസ്. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ എം.പിയാണ് അവധേഷ് പ്രസാദ്.Speaker
അതേസമയം ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 17-ാം ലോക്‌സഭയിലും ഡെപ്യൂട്ടി സ്പീക്കർ ഉണ്ടായിരുന്നില്ല. 2019 മുതൽ ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞുകിടക്കുകയാണ്. ഡെപ്യൂട്ടി സ്പീക്കർ പദവി നൽകാത്തതിൽ പ്രതിഷേധിച്ചാണ് സ്പീക്കർ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി കൊടിക്കുന്നിൽ സുരേഷ് മത്സരിച്ചത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് അവധേഷിന്റെ പേര് നിർദേശിച്ചതെന്നാണ് വിവരം. ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അയോധ്യയിലെ പരാജയം. ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അവധേഷിന്റെ പേര് മമത നിർദേശിച്ചിരിക്കുന്നത്. സ്പീക്കറുടെ അസാന്നിധ്യത്തിൽ സഭ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ഡെപ്യൂട്ടി സ്പീക്കർക്കാണ്.