സൈലന്റ് വാലിയിൽ രണ്ട് പുതിയ മണ്ണിര ഇനങ്ങൾ കണ്ടെത്തി

സൈലന്റ് വാലി ദേശീയോദ്യാനത്തിൽ കണ്ടെത്തിയ പുതിയ
ഇനം മണ്ണിര
നിലമ്പൂർ: പശ്ചിമഘട്ടത്തിലെ ആഗോള ജൈവവൈവിധ്യ ഹോട്ട് സ്പോട്ടായ സൈലന്റ് വാലി ദേശീയോദ്യാനത്തിൽ മോണിലിഗാസ്റ്റ്രിഡേ (Moniligastridae) കുടുംബത്തിൽപ്പെട്ട രണ്ട് പുതിയ മണ്ണിര ഇനങ്ങൾ കണ്ടെത്തി. സമഗ്ര ഫീൽഡ് സർവേയിലാണ് കണ്ടെത്തൽ. ശാസ്ത്രീയമായി വിവരണം ചെയ്ത് ഇവയെ കുറിച്ചുള്ള ലേഖനം അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചു.
മോണിലിസ്റ്റർ ഗിരീഷി, ദ്രാവിഡ റിയനോളടിസി എന്നീ പേരുകളാണ് പുതിയ ഇനങ്ങൾക്ക് നൽകിയത്. കോഴിക്കോട് സൂവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശാസ്ത്രജ്ഞൻ ഡോ. പി. ഗിരീഷ് കുമാർ, ഡോ. റെയ്നോൾഡ്സ് എന്നിവരോടുള്ള ആദരസൂചകമായാണ് പേരുകൾ നൽകിയത്.
മഹാത്മഗാന്ധി സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ. പ്രശാന്ത് നാരായണൻ, സെൻറർ ഫോർ കൺസർവേഷൻ ഇക്കോളജി എം.ഇ.എസ് മമ്പാട് കോളജിലെ സുവോളജി വകുപ്പ് മേധാവി ഡോ. കെ.എസ്. അനൂപ് ദാസ്, ടി. ഫാഹിസ്, ഡോ. ആർ. പാലിവാൾ, ഡോ. വി.പി. സജീവ്, ഡോ. നവീൻ ബാബു, ഡോ. എ.പി. തോമസ്, ഡോ. ജെ.എം. ജൂൽക്ക എന്നിവരാണ് ഗവേഷക സംഘത്തിലുണ്ടായിരുന്നത്.
