ബാഴ്സക്ക് തട്ടകത്തിൽ തോൽവി; ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ തകർത്തത് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക്

ബാഴ്‌സലോണ : ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബാഴ്‌സലോണയ്ക്ക് വൻ തിരിച്ചടി. സ്വന്തം മൈതാനത്ത് നടന്ന പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഹാൻസി ഫ്ലിക്കിന്റെ സംഘം കീഴടങ്ങിയത്. പ്രതിരോധ താരം പൗ കുബാർസി ആദ്യ പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് ബാഴ്‌സയ്ക്ക് വിനയായത്. ഹൂലിയൻ അൽവാരസ്, അലക്‌സാണ്ടർ സോർലോത്ത് എന്നിവരാണ് അത്ലറ്റിക്കോയ്ക്കായി ലക്ഷ്യം കണ്ടത്.
കഴിഞ്ഞ ശനിയാഴ്ച ലാലിഗയിൽ അത്ലറ്റിക്കോയെ തകർത്ത ആത്മവിശ്വാസത്തിൽ ഇറങ്ങിയ ബാഴ്‌സലോണ തുടക്കത്തിൽ ആധിപത്യം പുലർത്തിയിരുന്നു. മാർക്കസ് റാഷ്‌ഫോർഡിന്റെ തകർപ്പൻ മുന്നേറ്റങ്ങൾ അത്ലറ്റിക്കോ ഗോളി മുസ്സോയെ പരീക്ഷിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ലാമിൻ യമാലിന്റെ പാസിൽ റാഷ്‌ഫോർഡ് വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് വിധി തിരിച്ചടിയായി.
മത്സരഗതി മാറ്റിയത് 45-ാം മിനിറ്റിലെ കുബാർസിയുടെ പിഴവാണ്. ഗോൾ ലക്ഷ്യമാക്കി കുതിച്ച സിമിയോണിയെ വീഴ്ത്തിയതിന് കുബാർസിക്ക് റഫറി ചുവപ്പ് കാർഡ് നൽകി. പിന്നാലെ ലഭിച്ച ഫ്രീ കിക്ക് മനോഹരമായ ഒരു കർവിങ് ഷോട്ടിലൂടെ ഹൂലിയൻ അൽവാരസ് വലയിലെത്തിച്ചു. ബാഴ്‌സ ഗോളി ജോൻ ഗാർഷ്യയെ കാഴ്ചക്കാരനാക്കിയായിരുന്നു അൽവാരസിന്റെ ഗോൾ.
പത്തുപേരുമായി ചുരുങ്ങിയിട്ടും ബാഴ്‌സ പൊരുതി നോക്കി. റാഷ്‌ഫോർഡിന്റെ ഒരു ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് ബാഴ്‌സയ്ക്ക് നിരാശയായി. എന്നാൽ 70-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സോർലോത്തിലൂടെ അത്ലറ്റിക്കോ ലീഡ് ഉയർത്തി. റുഗേരിയുടെ ക്രോസിൽ നിന്നായിരുന്നു സോർലോത്തിന്റെ ഫിനിഷിങ്. അവസാന നിമിഷങ്ങളിൽ കാൻസലോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതും ബാഴ്‌സയ്ക്ക് തിരിച്ചടിയായി. രണ്ട് ഗോളിന്റെ ലീഡുമായി രണ്ടാം പാദത്തിന് അത്ലറ്റിക്കോ തയ്യാറെടുക്കുമ്പോൾ, എതിരാളികളുടെ തട്ടകത്തിൽ അത്ഭുതം ആവർത്തിക്കാൻ ബാഴ്‌സലോണയ്ക്ക് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
