ആരവമൊഴിഞ്ഞു തൃശൂരിൽ യു.ഡി.എഫ് സീറ്റ് കൂട്ടും
തൃശൂർ: തെരഞ്ഞെടുപ്പാരവങ്ങളൊഴിഞ്ഞ്, ശാന്തമായി കൂട്ടലും കിഴിക്കലും നടക്കുന്ന ദിനങ്ങളാന് ഇനി. തൃശൂരി ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പുകൾ. ജില്ലയിൽ യു.ഡി.എഫ് നില മെച്ചപ്പെടുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു. എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടർമാർ കൂടുതലായി വോട്ട് രേഖപ്പെടുത്തിയതും ലോക്സഭ തെരഞ്ഞെടുപ്പിന് ഭിന്നമായി ക്രിസ്ത്യൻ വോട്ടുകൾ യു.ഡിഎഫിലേക്ക് ഏകീകരിക്കപ്പെട്ടതും ജില്ലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം. ഏറ്റവും ശക്തമായ മത്സരം അരങ്ങേറിയ തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർഥി രാജൻ ജെ. പല്ലൻ വിജയം ഉറപ്പിച്ച മട്ടാണ്. കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയെങ്കിലും തീവ്രഹിന്ദുത്വയും വർഗീയതയും ഇനിയും വഴങ്ങാത്ത എൻ.ഡി.എ സ്ഥാനാർഥി പത്മജ വേണുഗോപാലിന് വിജയം വിളിപ്പാടകലെയാകുമെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ തന്നെ രഹസ്യം പറയുന്നു. സിറ്റിങ് എം.എൽ.എയെ മാറ്റി എഴുത്തുകാരനായ ആലങ്കോട് ലീലാകൃഷ്ണനെ മത്സരത്തിനിറക്കിയ സി.പി.ഐ പരാജയം മണത്തുതുടങ്ങിയിട്ടുണ്ട്.
കനത്ത രാഷ്ട്രീയ മത്സരം നടക്കുന്ന തൃശൂർ പോലെ ഒരു മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർഥി നിർണയം പാളിയതായി അണികൾ തന്നെ അടക്കം പറയുന്നു. ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണം സംഭവിക്കുന്നതോടൊപ്പം കോൺഗ്രസിൽ വലിയ കാലുവാരുകളും നടന്നിട്ടില്ലെങ്കിൽ രാജൻ ജെ. പല്ലൻ വിജയിക്കാനുള്ള സാധ്യത ഏറെയാണ്. മണലൂർ, ഗുരുവായൂർ, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് പിന്നീട് അതിശക്തമായ മത്സരം അരങ്ങേറിയത്. മണലൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥും യു.ഡി.എഫിലെ ടി.എൻ. പ്രതാപനും തമ്മിൽ കട്ടക്കുകട്ടക്കുള്ള പോരാട്ടമാണ് അരങ്ങേറിയത്. ബി.ജെ.പി തൃശൂർ ജില്ല മുൻ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറും ഇവിടെ കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ടി.എൻ. പ്രതാപൻ.
വോട്ടിങ് ശതമാനം ഏറ്റവും കുറവുള്ള മണ്ഡലമായിരുന്നു ഗുരുവായൂർ. യുദ്ധവും മറ്റും കാരണം വിദേശത്തുനിന്ന് വോട്ടുചെയ്യാൻ നാട്ടിൽ വരാൻ പലർക്കും കഴിഞ്ഞിട്ടില്ല. ഇതും ഗുരുവായൂരിൽ വോട്ടിങ് ശതമാനം കുറയാൻ കാരണമായി. ബി.ജെ.പി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ കടുത്ത തീവ്ര വർഗീയത പ്രസംഗിച്ചെങ്കിലും അതൊന്നും ഭൂരിപക്ഷ വിഭാഗത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ ഇടയില്ല. ഭരണവിരുദ്ധ തരംഗം ഏശിയാൽ യു.ഡി.എഫ് വിജയിച്ചുകയറാനുള്ള സാധ്യതയും ഏറെയാണ്.
കൊടുങ്ങല്ലൂരും സമാനമാണ് അവസ്ഥ. ചേലക്കര, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ, വടക്കാഞ്ചേരി, കുന്നംകുളം, നാട്ടിക, കയ്പമംഗലം എന്നിവിടങ്ങളിൽ എൽ.ഡി.എഫിന് വലിയ വെല്ലുവിളികൾ ഇല്ലെന്ന് അവർ അവകാശപ്പെടുമ്പോഴും ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയാൽ ചാഞ്ചാടും എന്നുതന്നെയാണ് യു.ഡി.എഫ് ക്യാമ്പുകൾ കണക്കുകൂട്ടുന്നത്. അതേസമയം, ബി.ജെ.പി ഇത്തവണയും അക്കൗണ്ട് തുറക്കാനുള്ള സാധ്യതകൾ ഉള്ളതായി അവർ പോലും കണക്കാക്കുന്നില്ല.
