ഗസ്സ വംശഹത്യക്ക് ഇസ്രായേലിനെ സഹായിക്കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തുവിട്ട് യുഎന്‍
വാഷിങ്ടൺ: ഗസ്സയിൽ നടത്തുന്ന വംശഹത്യക്ക് ഇസ്രായേലിന് സഹായം നൽകുന്ന കോർപറേറ്റുകളുടേയും കമ്പനികളുടേയും പേരുകൾ പുറത്തു വിട്ട് യു.എൻ.Gaza
ഗസ്സയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കുന്ന യുഎന്‍ സ്‌പെഷ്യല്‍ ‘റാപ്പോര്‍ട്ടര്‍’ ഫ്രാന്‍സിസ്‌ക ആല്‍ബനീസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഫലസ്തീനികളുടെ കുടിയിറക്കത്തിനും ഗസ്സയ്‌ക്കെതിരായ വംശഹത്യ യുദ്ധത്തിനും ഇസ്രായേലിനെ സഹായിക്കുന്ന കമ്പനികളുടെ രേഖകൾ സഹിതമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
48 കോർപ്പറേറ്റ് കമ്പനികളാണ് പ്രധാനമായും വംശഹത്യക്കായി ഇസ്രായേലിന് സഹായം നൽകുന്നതെന്ന് ഫ്രാൻസിസ്ക അൽബനീസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. യു.എസ് ടെക് ഭീമൻ മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ മാതൃകമ്പനി അൽഫബെറ്റ്, ആമസോൺ തുടങ്ങിയവ പട്ടികയിൽ ഉൾപെടുന്നു. അന്വേഷണത്തിന്റെ ഭാഗമായി 1000ലധികം കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഡാറ്റാബേസും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്.
ഇസ്രായേലിന്റെ എഫ് 35 വിമാനത്തിന് സഹായം നല്‍കുന്നത് യുഎസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനാണ്. റോബോട്ടിക് ആയുധങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കുന്നത് ജപ്പാന്റെ ഫാനുക് കോര്‍പറേഷനാണ്. ഇറ്റലിയുടെ ലിയോനാര്‍ഡോയും ആയുധ സഹായം നല്‍കുന്നു. മൈക്രോസോഫ്റ്റ്, ആല്‍ഫബൈറ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ എഐ സാങ്കേതിക വിദ്യ കൈമാറിയും ഇസ്രായേലിനെ സഹായിക്കുന്നു. ഇസ്രായേല്‍ സൈന്യത്തിനും ഇന്റലിജന്‍സ് ഏജന്‍സിക്കും പരിശീലനം കൊടുക്കുന്നതും ഐബിഎമ്മാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ബുക്കിങ്. കോം, എയര്‍ബി എന്‍ബി(Airbnb), എച്ച്.ഡി ഹ്യൂണ്ടായി, സ്വീഡനിലെ വോള്‍വോ, ഫ്രാന്‍സിന്റെ ബിഎന്‍പി, പാരിബാസ്, യുകെയിലെ ബാര്‍ക്ലേയ്സ്, യുഎസ് സോഫ്റ്റ് വെയര്‍ പ്ലാറ്റ്ഫോമായ പാലന്തിര്‍ ടെക്നോളജി തുടങ്ങിയവയും ഇസ്രായേലിന് വേണ്ടപ്പെട്ടവരാകുന്നു. അതേസമയം ലിസ്റ്റ് ചെയ്ത നിരവധി കമ്പനികൾക്ക് പിന്നിലെ പ്രധാന നിക്ഷേപകരായി യു.എസ് ബഹുരാഷ്ട്ര നിക്ഷേപ കമ്പനികളായ ബ്ലാക്ക് റോക്ക്, വാൻഗാർഡ് എന്നിവയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.