ഏക വ്യക്തി നിയമം: പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി രണ്ടാഴ്ച കൂടി നീട്ടി
ന്യൂഡൽഹി ∙ ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയിക്കാൻ ദേശീയ നിയമ കമ്മിഷൻ നൽകിയ സമയപരിധി രണ്ടാഴ്ച കൂടി നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ്, ഈ മാസം 28 വരെ നീട്ടിയതായി ദേശീയ നിയമ കമ്മിഷൻ അറിയിച്ചത്. രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ സജീവമാക്കിയിരിക്കെയാണ്, ഇതുമായി ബന്ധപ്പെട്ട് നിയമ കമ്മിഷൻ പൊതുജനാഭിപ്രായം തേടിയത്.
വിവിധ മതസംഘടനകളിൽ നിന്നുൾപ്പെടെ 50 ലക്ഷത്തിലേറെ പ്രതികരണങ്ങളാണ് ഇതിനകം കമ്മിഷനിലേക്ക് എത്തിയത്. വെബ്സൈറ്റിനു പുറമേ, രേഖാമൂലം നേരിട്ടും അഭിപ്രായങ്ങൾ ലഭിച്ചു. വിഷയത്തിൽ കൂടുതൽ ചർച്ച ആവശ്യമുണ്ടെന്നും നേരിട്ടുള്ള ചർച്ചയ്ക്ക് സമയം അനുവദിക്കണമെന്നും ചില സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെന്നു തോന്നിയാൽ നേരിട്ടുള്ള ആശയ വിനിമയത്തിനു ക്ഷണിക്കുമെന്നു കമ്മിഷനും നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇതിനു മുൻപുണ്ടായിരുന്ന ലോ കമ്മിഷനും പൊതുജനാഭിപ്രായം തേടിയിരുന്നു. നിലവിൽ ഏക വ്യക്തിനിയമം അഭികാമ്യമല്ലെന്ന ശുപാർശയോടെ 2018 ൽ ചർച്ചാ രേഖയും പ്രസിദ്ധീകരിച്ചു. ഇതിന്റെ കാലാവധി 3 വർഷം പിന്നിട്ടതു കണക്കിലെടുത്താണ് വീണ്ടും ജനാഭിപ്രായം തേടുന്നതെന്നാണ് പുതിയ കമ്മിഷൻ വിശദീകരിച്ചത്.