തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അജ്ഞാതന്റെ അതിക്രമം; നൈറ്റ് ഡ്യൂട്ടിയിലുള്ള വിദ്യാര്‍ഥികളെ കടന്ന് പിടിക്കാന്‍ ശ്രമിച്ചു; കത്രിക കൊണ്ട് ആക്രമിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അതിക്രമം. ഡയാലിസിസ് ടെക്‌നോളജി നാലാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് അജ്ഞാതന്റെ അതിക്രമമുണ്ടായത്. നൈറ്റ് ഡ്യൂട്ടിക്കിടെ പെണ്‍കുട്ടികളെ അജ്ഞാതന്‍ കടന്ന് പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അജ്ഞാതന്‍ വിദ്യാര്‍ഥികളുടെ വിശ്രമമുറിയിലേക്ക് എത്തിയെന്നും വിദ്യാര്‍ഥികളെ കടന്നുപിടിച്ചെന്നുമാണ് പരാതി. പരിഭ്രാന്തരായ വിദ്യാര്‍ഥികളെ കത്രിക കൊണ്ടും കസേര കൊണ്ടും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നു.
അടിയന്തര സാഹചര്യത്തില്‍ സെക്യൂരിറ്റി ജീവനക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെന്നും വിദ്യാര്‍ഥികളുടെ പരാതിയിലുണ്ട്. ഇവര്‍ ഏറെ നേരെ ബഹളം വച്ചപ്പോള്‍ രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ഓടിയെത്തി അക്രമിയില്‍ നിന്ന് വിദ്യാര്‍ഥികളെ രക്ഷിക്കുകയായിരുന്നു. വിശ്രമ മുറിയില്‍ ഉള്‍പ്പെടെ പെണ്‍കുട്ടികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയില്‍ ശക്തമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ പരാതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
