ഗസ്സയിൽ അനിശ്ചിതകാല യുദ്ധം തുടരുന്നതിന് എതിർപ്പില്ലെന്ന് അമേരിക്ക; വെടിനിർത്തൽ ഇല്ലാതെ ചർച്ചക്കില്ലെന്ന് ഹമാസ്

 

Hamas

ഗസ്സ സിറ്റി: സിവിലിയൻ കുരുതി പരമാവധി ഒഴിവാക്കി ഗസ്സയിൽ ​അനിശ്ചിതകാലത്തേക്ക്​ കൂടി യുദ്ധം തുടരുന്നതിന്​ എതിർപ്പില്ലെന്ന്​ ഇസ്രായേലിനോട്​ അമേരിക്ക. എന്നാൽ ആവശ്യമുള്ള സമയത്തിനപ്പുറം യുദ്ധം ദീർഘിപ്പിക്കരുതെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ബന്ദികളുടെ മോചനവും ഗസ്സയിൽ കൂടുതൽ സഹായം എത്തിക്കാനും ലക്ഷ്യമിട്ടുള്ള താൽക്കാലിക വെടിനിർത്തലിനായി ശ്രമം തുടരും. സമഗ്ര വെടിനിർത്തലിന്​ തയാറാകാതെ ചർച്ചക്കില്ലെന്ന നിലപാടിലാണ് ഹമാസുള്ളത്​. ഗൾഫിൽ കപ്പലുകളുടെയും സേനയുടെയും സുരക്ഷക്ക്​ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്​ പെൻറഗൺ അറിയിച്ചു.

യു.എസ്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ ജെയ്​ക്​ സള്ളിവന്‍റെ സാന്നിധ്യത്തിൽ ചേർന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ലോകരാജ്യങ്ങളുടെ വെടിനിർത്തൽ നിർദേശം തള്ളി. ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പാക്കാൻ ഹമാസിനെ തുരത്തേണ്ടതിന്‍റെ ആവശ്യകത നെതന്യാഹുവും പ്രതിരോധ മന്ത്രി ഗാൻറസും ​ ജെയ്​ക്​ സള്ളിവനെ ധരിപ്പിച്ചു. സിവിലിയൻ കുരുതി പരമാവധി ഒഴിവാക്കി വേണം യുദ്ധമെന്ന ബൈഡന്‍റെ സന്ദേശം ഇസ്രായേലിന്​ കൈമാറിയെന്ന്​ വൈറ്റ്​ഹൗസ് അറിയിച്ചു​. യുദ്ധം എത്രവരെ വേണം എന്നത്​ ഇസ്രായേലാണ്​ തീരുമാനിക്കേണ്ടതെന്നും ആവശ്യത്തിൽ കൂടുതൽ ഒരു ദിവസം പോലും യുദ്ധം ദീർഘിക്കരുതെന്നും യു.എസ്​ സ്​റ്റേറ്റ്​ വകുപ്പും അറിയിച്ചു. ഗസ്സയി​ലേക്ക്​ കൂടുതൽ മാനുഷിക സഹായം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത ഇസ്രായേലിനെ ബോധ്യപ്പെടുത്തിയതായും യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ വ്യക്തമാക്കി.

ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട്​ യുക്​തമായ നടപടി സ്വീകരിക്കാൻ മെസാദ്​ മേധാവിയെ നെതന്യാഹു ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ മൊസാദിന്​ സ്വന്തം നിലക്കുള്ള പദ്ധതിയും നടപടിയും കൈക്കൊള്ളാനും അനുമതി നൽകി. ബന്ദികളായി തുടരുന്ന ഇസ്രായേലികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഇസ്രായേൽ പാർലമെന്‍റായ നെസറ്റിലേക്ക് വൻ മാർച്ച് നടത്തി.

ഹമാസുമായി ഒത്തുതീർപ്പ് ചർച്ചകൾ പുന:രാരംഭിക്കണമെന്നും ബന്ദികളെ സുരക്ഷിതരായി തിരികെ കൊണ്ടുവരണമെന്നുമാണ്​ ആയിരങ്ങൾ മാർച്ചിൽ ആവശ്യപ്പെട്ടത്​. 137 ​ബന്ദികൾ ഹമാസിന്‍റെ പിടിയിലുണ്ടെന്നാണ്​ ഇസ്രായേൽ പറയുന്നത്​. പിന്നിട്ട ദിവസങ്ങളിൽ ഹമാസ്​ ചെറുത്തുനിൽപ്പിൽ വൻ സൈനികനാശം സംഭവിച്ചതും മന്ത്രിസഭാ യോഗത്തിൽ ചർച്ചയായി. സമഗ്ര വെടിനിർത്തൽ ഇല്ലാതെ ചർച്ചയില്ലെന്ന്​ ഇസ്​ലാമിക്​ ജിഹാദും അറിയിച്ചു.

അതേസമയം, താൽക്കാലിക വെടിനിർത്തൽ ആവശ്യം ശക്​തമാക്കി​ ബ്രസൽസിൽ ചേർന്ന യൂറോപ്യൻ യൂനിയൻ ഉച്ചകോടി. സ്പെയിൻ, ബെൽജിയം, മാൾട്ട, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികളാണ്​ വെടിനിർത്തൽ ആവശ്യം ഉന്നയിച്ചത്​. വെസ്റ്റ് ബാങ്കിൽ അക്രമം നടത്തുന്ന ഇസ്രായേലി കുടിയേറ്റക്കാർക്ക് വിസ നൽകില്ലെന്ന യു.കെ പ്രഖ്യാപനവും ഇസ്രായേലിന് തിരിച്ചടിയായി. അതിനിടെ, തെക്കൻ ഗസ്സയിൽ ഈജിപ്തുമായുള്ള അതിർത്തിയിലെ റഫയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചു. വടക്കൻ ഗസ്സയും മധ്യ ഗസ്സയും തകർത്ത ഇസ്രായേൽ സൈന്യം തെക്കൻ ഗസ്സയിലേക്കും ആക്രമണം വ്യാപിപ്പിക്കുന്നത് സ്ഥിതിഗതികൾ രൂക്ഷമാക്കി. ഇന്നലെ മാത്രം ഇസ്രായേൽ ആക്രമണത്തിൽ 179 പേർ കൊല്ലപ്പെട്ടു. 303 പേർക്ക്പരിക്കേറ്റു. ഇതോടെ ഗസ്സയിലെ മരണസംഖ്യ 18,787 ആയി. അര ലക്ഷത്തിലേറെ പേർക്കാണ്​ ഇതുവരെ പരിക്ക്​.

കരയുദ്ധത്തിൽ ഹമാസ്​ പോരാളികളുടെ തിരിച്ചടി ഇസ്രായേലിന്​ ഇന്നലെയും വലിയ ആഘാതമായി. ഒരു ഡസനിലേറെ സൈനികരെ കൊലപ്പെടുത്തിയെന്നും നിരവധി സൈനിക വാഹനങ്ങൾ തകർത്തതായും അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു​. ഇന്നലെ മാത്രം ഇസ്രായേലിലെ സൊറാക്ക ആശുപത്രിയിലേക്ക്​ പരിക്കേറ്റ 35 സൈനികരെയാണ്​ കൊണ്ടുവന്നത്​. ഇവരിൽ 8 പേരുടെ നില അതീവ ഗുരുതരമെന്നും സൈന്യം പറയുന്നു. ഇസ്രായേലിലേക്കുള്ള യാത്ര ഉപേക്ഷിക്കാൻ നിർദേശിച്ചിട്ടും അതംഗീകരിക്കാൻ വിസമ്മതിച്ചതാണ്​ ചരക്കുകപ്പൽ സൈനികമായി പിടിച്ചെടുക്കാൻ പ്രേരിപ്പിച്ചതെന്ന്​ ഹൂത്തികൾ. ഗൾഫിൽ കപ്പലുകളുടെയും സേനയുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടിയും സ്വീകരിച്ചു വരുന്നതായി പെൻറഗണും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *