വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങില്‍ വി.ഡി സതീശന് ക്ഷണമില്ല; അതിഥികളെ തീരുമാനിച്ചത് കേന്ദ്രസർക്കാരെന്ന് വി. ശിവൻകുട്ടി

Sivankutty

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ക്ഷണിക്കാത്തതിൽ വിവാദം. സര്‍ക്കാര്‍ വാര്‍ഷികം പ്രതിപക്ഷം ബഹിഷ്കരിക്കുന്നതിനാലാണ് വിളിക്കാത്തതെന്നാണ് സംസ്ഥാന സർക്കാറിന്‍റെ വാദം.Sivankutty

വിഴിഞ്ഞം ട്രയല്‍ റണ്ണിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതിനെ അന്ന് സര്‍ക്കാര്‍ ന്യായീകരിച്ചത് വലിയ ആഘോഷം വരികയല്ലേ എന്നായിരുന്നു. പക്ഷേ, വിഴിഞ്ഞം കമ്മീഷനിങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോഴും സര്‍ക്കാര്‍ സമീപനത്തില്‍ മാറ്റമില്ല.

വിഴിഞ്ഞം ഉദ്ഘാടനം സര്‍ക്കാരിന്‍റെ വാര്‍ഷിക പരിപാടിയാണോയെന്നാണ് കോൺഗ്രസിന്റെ ചോദ്യം. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ വിഴിഞ്ഞം സന്ദര്‍ശനവും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് കാരണക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നതും സര്‍ക്കാരിനെ യുഡിഎഫ് ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം വിഴിഞ്ഞത്ത് ഒരുക്കം വിലയിരുത്താന്‍ കുടുംബവുമായി എത്തിയ മുഖ്യമന്ത്രിയുടെ നടപടിയേയും യുഡിഎഫ് തള്ളി. പദ്ധതിയെ എല്‍ഡിഎഫ് എതിര്‍ത്ത കാലത്ത് അവരെ ശിലാസ്ഥാപന ചടങ്ങിലേക്ക് യുഡിഎഫ് സര്‍ക്കാര്‍ ക്ഷണിച്ചതും കോണ്‍ഗ്രസ് ഓര്‍മ്മിപ്പിക്കുന്നു.ബിജെപിയെ ക്ഷണിച്ചിട്ടും പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് അന്തർധാരയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് മന്ത്രി വി.ശിവൻ കുട്ടി പ്രതികരിച്ചു. വേദിയിലിരിക്കുന്നവരെ തീരുമാനിക്കുന്നത് കേന്ദ്രമാണ്. സംസ്ഥാനംകൊടുത്ത ലിസ്റ്റിൽ പ്രതിപക്ഷനേതാവിന്റെ പേരുണ്ടോ എന്ന് അറിയില്ലെന്നും മുഖ്യമന്ത്രിയാണ് തീരുമാനിച്ചതെന്നും ശിവൻകുട്ടി പറഞ്ഞു .

അതിനിടെ, സര്‍ക്കാര്‍ ക്ഷണിച്ച സ്ഥലം എംപി ശശി തരൂരും എംഎല്‍എ വിന്‍സെന്‍റും ചടങ്ങില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *