രാഗേഷിന് മറുപടിയുമായി വി.കുഞ്ഞികൃഷ്ണൻ; "പാർട്ടിയെ യോജിപ്പിച്ച് നിർത്തുന്നതിൽ തന്റെ ഭാഗത്ത് നിന്ന് എന്ത് വീഴ്ച വന്നുവെന്ന് തന്നോട് പറയേണ്ടതല്ലേ?"
കണ്ണൂർ: കെ.കെ രാഗേഷ് പുതുതായൊന്നും പത്ര സമ്മളനത്തിൽ പറഞ്ഞിട്ടില്ലെന്നും ചിലതൊക്കെ കേട്ടപ്പോൾ ചിരി വന്നുവെന്നും സി.പി.എം പത്ര സമ്മേളനത്തിന് മറുപടിയുമായി വി. കുഞ്ഞി കൃഷ്ണൻ. അഭിമുഖം നൽകാൻ ഏഷ്യാനെറ്റ് തെരഞ്ഞെടുത്തത് അജണ്ടയുടെ ഭാഗമല്ലെന്നും കൈരളി അഭിമുഖം കൊടുക്കുമായിരുന്നെങ്കിൽ താൻ നൽകിയേനെയെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് വിവാദം ഉയർന്ന് വന്നപ്പോൾ ടി.ഐ മധുസൂധനൻ മാധ്യമ സ്ഥാപനത്തിനെതിരെ ഒരു വക്കീൽ നോട്ടീസല്ലാതെ നാലു വർഷമായിട്ടും ഇതുവരെ മാന നഷ്ടക്കേസ് പോലും നൽകിയിട്ടില്ലെന്നും ഇതുവരെ കേസുമായി മുന്നോട്ട് പോകാത്തതിന് താൻ മനസ്സിലാക്കിയ കാരണം ജനങ്ങളെക്കൂടി മനസ്സിലാക്കിക്കാനാണ് അഭിമുഖം നൽകിയെതെന്നും കുഞ്ഞി കൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
പയ്യന്നൂരിലെ പാർട്ടിയെ കൂട്ടി യോജിപ്പിച്ച് കൊണ്ടുപോകാൻ തനിക്ക് കഴിയില്ലെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അത് ഏരിയ കമ്മിറ്റിയിൽ ഉന്നയിച്ച് ചർച്ച ചെയ്യുകയും എന്ത് പോരായ്മയാണ് ഉണ്ടായതെന്ന് തന്നെ അറിയിക്കേണ്ടിയിരുന്നതല്ലേയെന്നും കുഞ്ഞികൃഷ്ണൻ ചോദിക്കുന്നു.
2021ലെ സമ്മേളനത്തിനു തൊട്ടുമുമ്പ് കമ്മിറ്റിയിൽ കെട്ടിട നിർമാണ ഫണ്ടിന്റെ കണക്ക് അവതരിപ്പിച്ചപ്പോൾ സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ചെടുത്ത ഒരു രൂപ പോലുമില്ലായിരുന്നുവെന്നും അത് ഉന്നയിച്ചപ്പോൾ അടുത്ത സമ്മേളനത്തിൽ കൃത്യമായ കണക്ക് അവതരിപ്പിക്കുന്നതിനു പകരം 2024ലെ സമ്മേളനത്തിലല്ലേ കണക്ക് അവതരിപ്പച്ചതെന്നും അദ്ദേഹം ചോദിച്ചു. പിരിച്ചെടുത്ത എഴുപത് ലക്ഷം ഇല്ലാത്തതുകൊണ്ടാണ് 2021ലെ സമ്മേളനത്തിൽ കണക്ക് അവതരിപ്പിക്കാതിരുന്നതെന്നും കുഞ്ഞി കൃഷ്ണൻ ആരോപിച്ചു.
രണ്ടാമത് കണക്കവതരിപ്പിക്കുമ്പോൾ സഹകരണ ജീവനക്കാരിൽ നിന്ന് 64 ലക്ഷത്തിലധികം രൂപ പിരിച്ചെടുത്തുവെന്നാണ് പറഞ്ഞത്.എന്നാൽ യഥാർഥത്തിൽ പിരിച്ചെടുത്തത് 70 ലക്ഷത്തിലധികമാണെന്നും ഇത് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് തർക്കമായെന്നും അദ്ദേഹം പറഞ്ഞു.
കുന്നരൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും പെരളം സർവീസ് സഹകരണ ബാങ്കിൽ നിന്നും പിരിച്ചെടുത്ത ഫണ്ടാണ് അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. അന്ന് ടി.ഐ മധുസൂധനനായിരുന്നു അന്ന് ഏരിയ സെക്രട്ടറി എന്നും ഈ ഫണ്ട് വാങ്ങിയെടുക്കാനുള്ള ഉത്തരവാദിത്തം മധുസൂധനനാണെന്നും ഈ രണ്ട് സ്ഥാപങ്ങളിൽ നിന്നും ഫണ്ട് വന്നിട്ടില്ല എന്ന് മധുസൂധനൻ ഒരു തവണ പോലും കമ്മിറ്റിയെ അറിയിച്ചിട്ടില്ലെന്നും കുഞ്ഞി കൃഷ്ണൻ ആരോപിച്ചു.
