നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100-ൽ പരം സീറ്റുകൾ നേടി അധികാരത്തിലെത്തും -വി. എം. സുധീരൻ
നെടുമങ്ങാട്: ജനവിരുദ്ധ ഭരണത്തിനെതിരെ ശക്തമായ ജനവികാരമുണ്ടന്നും 100-ൽ പരം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും വി.എം. സുധീരൻ. കേരളം വെറുത്ത ഭരണാധികാരിയാണ് പിണറായി വിജയനെന്നും വി.എം. സുധീരൻ ആരോപിച്ചു. അരുവിക്കര നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയായ വി.എസ്. ശിവകുമാറിന്റെ അരുവിക്കര പഞ്ചായത്ത് പര്യടനം കാച്ചാണിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. എസ്. ശിവകുമാറിന്റെ പര്യടനം വെള്ളൂർക്കോണത്തു സമാപിച്ചു.
അതേസമയം മീനച്ചൂടിന് ആശ്വാസമായി വേനല്‍ മഴയെത്തിയെങ്കിലും വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് കൂടുകയാണ്. കാട്ടാക്കട മണ്ഡലത്തിൽ കുടുംബയോഗങ്ങള്‍, പദയാത്ര, വാഹന പര്യടനം എന്നിവയിലൂടെ പ്രദേശിക നേതാക്കളെയും അണികളെയും ആവശഭരിതരാക്കി മുന്നണി നേതാക്കളും സ്ഥാനാർഥികളും മണ്ഡലമാകെ നിറഞ്ഞു. ശക്തമായ ത്രികോണ മത്സരത്തിനു കളമൊരുങ്ങിയ മണ്ഡലത്തില്‍ സ്ഥാനാർഥികളും പ്രവര്‍ത്തകരും നാട് ഇളക്കിമറിച്ച് വോട്ടുതേടി ഓടുകയാണ്.
എൽ.ഡി.എഫ് സ്ഥാനാർഥി ഐ.ബി. സതീഷ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെ ഊരൂട്ടമ്പലം നീറോട്ടുവിളാകത്ത് നിന്ന് വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കം കുറിച്ചു. പ്രസംഗങ്ങളും വാദ്യഘോഷങ്ങളോടെയുള്ള പ്രചാരണം പ്രവര്‍ത്തകരെ ആവേശ ഭരിതരാക്കി. സംസ്ഥാനത്തെയും മണ്ഡലത്തിലെയും പത്ത് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നിരത്തിയാണ് വോട്ടു തേടിയുള്ള പ്രചാരണവാഹനം സ്ഥാനർഥിയുമായി മുന്നോട്ടുപോകുന്നത്. പ്രാവച്ചമ്പലത്ത് സതിഷിനുവേണ്ടി സി.പി. എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വോട്ടുചോദിച്ചിറങ്ങി. യു.ഡി.എഫ് സ്ഥാനാർഥി എം.ആർ. ബൈജു വിന്റെ വാഹന പര്യടനം വിളപ്പില്‍ശാല പുളിയറക്കോണത്ത് നിന്നാരംഭിച്ചു.
രാവിലെ 8.30ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. കാപ്പിവിള, മുളയറ ചെറുകോട് തുടങ്ങി നിരവധിയിടങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ഥിക്ക് ആവേശകരമായ സ്വീകരണം നൽകി. ഉച്ചക്കുശേഷം പണ്ടാരവിളയില്‍ നിന്നാരംഭിച്ച പര്യടനം വൈകീട്ടും തുടർന്ന്. രാത്രി കുണ്ടമൺകടവിലാണ് സമാപിച്ചത്. എൻ.ഡി.എ. സ്ഥാനാർഥി പി.കെ. കൃഷ്ണദാസ് തിങ്കളാഴ്ച പള്ളിച്ചല്‍ പഞ്ചായത്തിലായിരുന്നു പര്യടനം നടത്തിയത്. ജങ്ഷനിലും ഗ്രാമങ്ങളിലും പ്രവർത്തകർക്കൊപ്പം പദയാത്രയും നടത്തി. പേയാട് ജങ്ഷനില്‍ നടന്ന നാരി സംഗമം ബി.ജെ.പി ദേശിയ വ്യക്താവ് ഖുശ്ബു ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ സ്ഥാനാർഥിയും.
