വളക്കൈ സ്‌കൂള്‍ ബസ് അപകടം: ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

Valakai school bus accident: Case filed against driver for culpable homicide

കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ വാഹനമോടിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

അതേസമയം, ബസിന് തകരാറുണ്ടായിരുന്നുവെന്ന ഡ്രൈവറുടെവാദം തള്ളി ചിന്‍മയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രംഗത്തെത്തി. സ്‌കൂള്‍ ബസിന് യാതൊരു തകരാറും ഉണ്ടായിരുന്നില്ലെന്ന് ചിന്മയ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ.എന്‍ ശശി ട്വന്റിഫോറിനോട് പറഞ്ഞു. ബസിന് 2027 വരെ പെര്‍മിറ്റ് ഉണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

 

അതേസമയം, വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിന് കാരണമാകുന്ന മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് നല്‍കി. ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന് കത്ത് നല്‍കി. ബസിന്റെ ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി എന്നായിരുന്നു ഡ്രൈവറുടെ മൊഴി.

മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ രാജേഷിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ നടക്കും. തുടര്‍ന്ന് മൃതദേഹം കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകിട്ടായിരിക്കും സംസ്‌കാര ചടങ്ങുകള്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. എന്നാല്‍ കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് വിവരം. പരുക്കേറ്റ മറ്റ് വിദ്യാര്‍ത്ഥികളെല്ലാം ആശുപത്രി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *