‘വന്ദനക്ക് കുത്തേറ്റത് 11 തവണ, മുതുകിൽ മാത്രം ആറ് തവണ’; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊല്ലം: ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിന്റെ ശരീരത്തിൽ 11 തവണ കുത്തേറ്റെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുതുകിൽ മാത്രം ആറ് തവണ കുത്തേറ്റെന്നും റിപ്പോർട്ടിലുണ്ട് . വന്ദനയുടെ തലയുടെ പിൻ ഭാഗത്തും ചെവിയുടെ ഭാഗത്തും മൂക്കിലും ഇടതു കൈയിലും കുത്തേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു.

വന്ദനയെ പ്രതി സന്ദീപ് പിന്തുടർന്ന് കുത്തിയെന്നും ഡ്രസിങ് റൂമിൽ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ചാണ് കുത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് വന്ദനയുടെ തലയ്ക്ക് പ്രതി കുത്തിയത്. കാലിൽ മുറിവ് കെട്ടുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതി വന്ദനയ്ക്ക് നേരെ ആക്രോശിച്ചു. ഒബ്‌സർവേഷൻ റൂമിൽ അതിക്രമിച്ചു കയറിയും പ്രതി ആക്രമണം നടത്തി. വന്ദന അവശയായി വീണപ്പോൾ നിലത്തിട്ട് കുത്തിയെന്നുമാണ് എഫ്.ഐ.ആർ. വന്ദനയുടെ ശരീരത്തിൽ കയറിയിരുന്നാണ് പ്രതി കൃത്യം നടത്തിയതെന്നും എഫ്.ഐ.ആറിലുണ്ട്.

അതേസമയം, വന്ദനയെ കുത്തിക്കൊന്ന പ്രതി ജി. സന്ദീപിനെ സസ്പെൻഡ് ചെയ്തു. നെടുമ്പന യു.പി സ്‌കൂളിലെ അധ്യാപകനായിരുന്നു സന്ദീപ്. വകുപ്പ്തല അന്വേഷണം നടത്തിയ ശേഷമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇതു സംബന്ധിച്ച് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് തൊട്ടുപിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡോക്ടർ വന്ദനയുടെ കൊലപാതകം ഞെട്ടലുളവാക്കുന്നതാണെന്നും ഇത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചിരുന്നു.

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. ഹൗസ് സർജൻ ഡോ.വന്ദനാ ദാസാണ് (25)കൊല്ലപ്പെട്ടത്.പൊലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്.

കോട്ടയം മുട്ടുചിറ സ്വദേശിയാണ് കൊല്ലപ്പെട്ട ഡോകർ വന്ദന. കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയായിരുന്നു.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *