കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ: പരിഗണിക്കുന്നത് മൂന്ന് റൂട്ടുകൾ



കണ്ണൂർ: അധികം വൈകാതെ കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ ലഭിക്കുമെന്ന ഉറപ്പാക്കുമ്പോഴും ഏത് റൂട്ടിലാണ് വന്ദേഭാരത് സ്ലീപ്പർ വരികയെന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഇതുവരെ മാറിയിട്ടില്ല. രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അസമിലെ ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കാണ് സർവീസ് തുടങ്ങിയത്. ഈ വര്‍ഷം തന്നെ 12 പുതിയ ട്രെയിനുകള്‍ കൂടി രംഗത്തിറക്കുമെന്നും ഇതില്‍ രണ്ടെണ്ണം കേരളത്തിന് അനുവദിക്കുമെന്നുമാണ് സൂചന.

വന്ദേഭാരത് സ്ലീപ്പർ ഓടിക്കാൻ പ്രധാനമായും റെയിൽവേക്ക് മുന്നിലുള്ളത് മൂന്ന് പ്രധാന റൂട്ടുകളാണ്. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നിവയാണ് റെയിൽ പരിഗണിക്കുന്ന റൂട്ടുകൾ. ഇതിൽ തന്നെ തിരുവനന്തപുരത്തുനിന്ന് ചെന്നൈ, തിരുവനന്തപുരം – ബംഗളുരു എന്നീ റൂട്ടുകൾക്കാണ് മുൻഗണന. കേരളം, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രക്ക് കൂടുതൽ പ്രാമുഖ്യം നൽകാനും സാധ്യതയുണ്ട്. എന്നാൽ തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ നിലവിൽ ഓടുന്ന രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളുടെ വരുമാനം റൂട്ടിന് അനുകൂലഘടകമാണ്.

2023 ഏപ്രിലിലാണ് ആദ്യ വന്ദേഭാരത് സംസ്ഥാനത്ത് എത്തിയത്. വന്ദേ സ്ലീപ്പറിൽ കൺഫേം ടിക്കറ്റുകൾ മാത്രമേ നൽകൂ. ആർ.എ.സി, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകില്ല. കുറഞ്ഞ നിരക്കിനുള്ള ദൂരം 400 കിലോമീറ്ററാണ്. മുഴുവൻ ശീതീകരിച്ച 16 കോച്ച് വണ്ടിയിൽ 823 യാത്രക്കാരെ ഉൾക്കൊള്ളും. 11 ത്രീടയർ എ.സി, നാല് ടു ടയർ എ.സി, ഒരു ഫസ്റ്റ് ക്ലാസ് എ.സി എന്നിവയാണ് ഉണ്ടാകുക.

കുഷ്യൻ ബെർത്തുകൾ, ഓട്ടമാറ്റിക് വാതിലുകൾ, കവച് സുരക്ഷ സംവിധാനം എന്നിവയും വന്ദേഭാരത് സ്ലീപ്പറിന്റെ പ്രത്യേകതകളാണ്. നിലവിൽ പകൽ സർവീസ് നടത്തുന്ന എറണാകുളം വന്ദേഭാരത് എട്ടര മണിക്കൂർ കൊണ്ട് ബംഗളുരുവിൽ നിന്ന് ഓടിയെത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വന്ദേഭാരത് സ്ലീപ്പർ 12 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തുമെന്നാണ് നിഗമനം.