വന്ദേഭാരത് ട്രെയിന്‍ കേരളത്തിലും, തിരൂർ സ്റ്റോപ്പും പരിഗണനയിൽ; ട്രാക്ക് പരിശോധന ഇന്നുമുതല്‍
തിരുവനന്തപുരം: കേരളത്തിനുള്ള വന്ദേഭാരത് ട്രെയിനിന് എട്ടു സ്റ്റോപ്പുകളാണ് പരിഗണനയിലുള്ളത്.തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് പരിഗണനയിലുള്ളതെന്ന് ഏറ്റവും പുതിയ വിവരം.
അതേസമയം, വന്ദേഭാരത് ട്രെയിനിന്റെ കൂടുതൽ ചർച്ചകൾക്കായി ദക്ഷിണ മേഖല റെയിൽവെ ഡിവിഷണൽ മാനേജർ തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരത്ത് റെയിൽവേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് തന്നെ ട്രാക്ക് പരിശോധന ആരംഭിക്കും. തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള ഭാഗങ്ങളിലാകും ട്രാക്ക് പരിശോധന നടത്തുന്നത്. ഇതിനുള്ള പ്രത്യേക എന്‍ജിനും എത്തിച്ചിട്ടുണ്ട്.
കേരളത്തിനുള്ള വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവെക്ക് കൈമാറിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ട്രെയിൻ കേരളത്തിലേക്ക് പുറപ്പെട്ടു. പാലക്കാട് ഷൊർണൂർ വഴി ട്രെയിൻ തിരുവനന്തപുരത്തെത്തിക്കും. ഉച്ചയോടെയാകും ട്രെയിന്‍ തിരുവനന്തപുരത്ത് എത്തുക.
തിരുവനന്തപുരത്ത് നിന്ന് ഈ മാസം 22ന് പരീക്ഷണയോട്ടം നടത്തിയേക്കും. തിരുവനന്തപുരം – ഷൊർണൂർ പാതയിലാകും പരീക്ഷണയോട്ടം. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിൽ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും.
മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ കഴിയുമെന്നതാണ് വന്ദേഭാരതിൻറെ പ്രത്യേകത. എന്നാൽ കേരളത്തിലെ പാതകളിൽ ഇത് സാധ്യമാവില്ല. 110 കിലോമീറ്റർ വരെ വേഗത്തിലേ ഓടിക്കാൻ കഴിയൂ എന്നാണ് റിപ്പോർട്ട്.ദക്ഷിണേന്ത്യയില്‍ വന്ദേഭാരത് ട്രെയിന്‍ ഇല്ലാത്ത ഏക സംസ്ഥാനമായിരുന്നു. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസാകും.