‘മർദനമേറ്റ പൊലീസുകാരനെതിരെ കേസ്, എന്ത് നീതി നിർവഹണമാണിത്? ഇരട്ടച്ചങ്കനെന്ന് വിശേഷിപ്പിച്ച പിണറായി തന്നെയാണ് ഇപ്പോഴും ആഭ്യന്തര മന്ത്രി’



തിരുവനന്തപുരം: ഷോപ്പിങ് മാളിൽവച്ച് മർദനമേറ്റ പൊലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത് ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചുവെന്ന് വി.ഡി. സതീശൻ പറഞ്ഞു. രണ്ട് പൊലീസുകാരാണ് ഇന്നലെ സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിങ് മാളിൽ പൊലീസുകാരനെ എസ്.എഫ്.ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ കോഴിക്കോട് മറ്റൊരു പൊലീസുകാരനെ പട്ടാപ്പകൽ ഒരു ക്രിമിനൽ കുത്തിപ്പരിക്കേൽപ്പിച്ചു. വടിവാളുകൾക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പി.ആർ. ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണമെന്നും സതീശൻ പരിഹസിച്ചു.

“തിരുവനന്തപുരത്തെ ഷോപ്പിങ് മാളിൽ എസ്.എഫ്.ഐ പ്രവർത്തകർ പൊലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദിക്കുന്നതും മാധ്യമങ്ങൾ പുറത്തുവിട്ട വിഡിയോയിൽ വ്യക്തമാണ്. എന്നിട്ടും മർദനത്തിന് ഇരയായ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. അതേസമയം പിന്നാലെ നടന്ന് ആക്രമിച്ച എസ്.എഫ്.ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി നിർവഹണമാണിത്? പ്രതികളാകുന്ന സ്വന്തക്കാരെയും സി.പി.എം ക്രിമിനൽ സംഘങ്ങളെയും ആഭ്യന്തരമന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ ചേർത്ത് പിടിക്കുന്ന ആദ്യ സംഭവമല്ല ഇത്” സതീശൻ ആരാഞ്ഞു.

എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത സംഭവത്തിൽ പൊലീസ് സേനയിലും അമർഷമാണെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. പൊലീസുകാരനെതിരെ കേസെടുത്തതിലുള്ള പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കാൻ പൊലീസ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ പരസ്യമായി പ്രതികരിക്കാൻ അസോസിയേഷൻ നേതാക്കൾ തയാറായില്ല. എ.ആർ ക്യാമ്പിലെ പൊലീസുകാരൻ മിഥുൻ റോയിക്കാണ് ശനിയാഴ്ച ഉച്ചയോടെ കുടുംബത്തോടൊപ്പം മാളിലെത്തിയപ്പോൾ മർദനമേറ്റത്. എസ്​.എഫ്​.ഐക്കാർ നൽകിയ കേസിൽ മർദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു​. സഹോദരിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പുതുവത്സര രാത്രിയിൽ ശംഖുംമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡി.ജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്.എഫ്.ഐക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്.എഫ്.ഐക്കാരെ തല്ലിയ പൊലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. ശംഖുംമുഖം അസി.​ കമീഷണറുടെ നിർദേശപ്രകാരമായിരുന്നു അന്നത്തെ പൊലീസ്​ നടപടി. അന്ന്​ മുഖ്യമന്ത്രിക്ക്​ ഉൾപ്പെടെ എസ്​.എഫ്​.ഐക്കാർ നൽകിയ പരാതിയിൽ വകുപ്പുതല അന്വേഷണം നടന്നു വരികയാണ്​. ഇതിനിടെയാണ്​ മിഥുൻ റോയ്​ തലസ്ഥാനത്തെ ഷോപ്പിങ്​ മാളിൽ എത്തുന്നതും എസ്​.എഫ്​.ഐക്കാർ പിന്തുടർന്ന്​ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യുന്നതും.

മാളിലെ മർദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്​. പൊലീസുകാരൻ വഞ്ചിയൂർ സ്​റ്റേഷനിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ തയാറായില്ല. പിന്നീട്​ സമ്മർദം വന്നതോടെയാണ്​ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം എസ്​.എഫ്​.ഐക്കാർക്കെതിരെ കേസെടുത്തത്​. കേസിലെ ഒന്നാം പ്രതി വിനായക്​ പിന്നാലെ നൽകിയ ​പരാതിയിൽ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. എസ്​.എഫ്​.ഐക്കാരെ മിഥുൻ റോയ്​ ആയുധം കൊണ്ട്​ ആക്രമിച്ചെന്ന് കാണിച്ചാണ്​ എസ്​.എഫ്​.ഐക്കാരുടെ പരാതി. ​