‘ചില ആളുകൾ ബുദ്ധിമുട്ടിക്കാനായി ഇറങ്ങിയിരിക്കുകയാണ്, നാലാം തവണയാണ് അന്വേഷണം’; നിയമപരമായി നേരിടുമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: പുനർജനി വിവാദവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും സഹകരിക്കാൻ തയാറാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിജിലൻസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്താനാകാതെ കേസ് അവസാനിപ്പിച്ചതാണ്. സി.ബി.ഐയേക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് ചോദ്യം ചെയ്യിപ്പിക്കണമെന്നാണെങ്കിൽ അങ്ങനെയാകാം. കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും. വാസ്തവം എന്താണെന്ന് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതിൽ സന്തോഷമുണ്ടെന്നും സതീശൻ പറഞ്ഞു.
“ചില ആളുകൾ എന്നെ ബുദ്ധിമുട്ടിക്കാനായി ഇറങ്ങിയിരിക്കുകയാണ്. കേസിൽ കഴമ്പില്ലെന്ന് പറഞ്ഞ് ഹൈകോടതി സിംഗ്ൾ ബെഞ്ച് തള്ളി. പിന്നീട് ഡിവിഷൻ ബെഞ്ചും തള്ളി. അതിനുശേഷം വിജിലൻസ് അന്വേഷണം നടത്തി. അന്വേഷണം നടത്തിയിട്ട് ഒന്നുമില്ലെന്ന് പറഞ്ഞ് റിപ്പോർട്ട് നൽകി. നാലാമത്തെ തവണയാണ് ആരെക്കൊണ്ടോ പരാതി കൊടുപ്പിച്ച് അന്വേഷണം നടത്തുന്നത്. എഫ്.സി.ആർ.ഐ അക്കൗണ്ട് വഴി തട്ടിപ്പ് നടത്തിയെന്ന് പറയുന്നു. എന്നാലത് എല്ലാ വർഷവും കേന്ദ്ര ഏജൻസി നേരിട്ട് പരിശോധിക്കുന്നതാണ്. പണം ദുരുപയോഗം ചെയ്യാത്തതിനാൽ അഴിമതി നിരോധന വകുപ്പ് നിലനിൽക്കില്ലെന്ന് വിജിലൻസ് വ്യക്തമാക്കിയതാണ്.
ഇതിൽ രണ്ടിലും വിജിലൻസ് റിപ്പോർട്ട് നൽകിയതാണ്. ഇനിയും പോരെങ്കിൽ അന്വേഷണം നടത്തട്ടെ. സി.ബി.ഐയേക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് ചോദ്യം ചെയ്യിപ്പിക്കണമെന്നാണെങ്കിൽ അങ്ങനെ ചെയ്തോ, ഒരു വിരോധവുമില്ല. ഞാനതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. വാസ്തവം എന്താണെന്ന് എല്ലാ മാധ്യമങ്ങളും പുറത്തുകൊണ്ടുവന്നതിൽ സന്തോഷമുണ്ട്. എല്ലാം സുതാര്യമായാണ് നടന്നത്. ഏതന്വേഷണവും നേരിടാൻ തയാറാണ്” -വി.ഡി. സതീശൻ പറഞ്ഞു.
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേചൊല്ലി തർക്കമുണ്ടെന്ന പ്രചാരണം സി.പി.എമ്മിന്റെ തന്ത്രമാണെന്നും സതീശൻ പറഞ്ഞു. “കോൺഗ്രസിന് ഒരു ഗാലക്‌സി ഓഫ് ലീഡർഷിപ്പുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വം കൃത്യമായ നടപടിക്രമങ്ങൾ പാലിക്കും. ഒരാൾപോലും പിണങ്ങില്ല. ഞങ്ങൾ ഒരു ടീമായി ഒറ്റ കുടുംബമായി നിൽക്കും. നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസമാണ് നമുക്കുള്ളത്. നൂറിലധികം സീറ്റുകളോടെ അധികാരത്തിലെത്തും” -സതീശൻ പറഞ്ഞു.
അതേസമയം വിവാദത്തിൽ ഒന്നും ഒളിക്കാനില്ലെന്ന് മണപ്പാട് ഫൗണ്ടേഷൻ സി.ഇ.ഒ അമീർ അഹമ്മദ് വ്യക്തമാക്കി. വിജിലൻസ് തന്നെ രണ്ടുതവണ ചോദ്യം ചെയ്ത് വിട്ടയച്ചതാണ്. ഏത് അന്വേഷണവും നേരിടാൻ തയാറാണ്. 1993 മുതൽ രജിസ്ട്രേഡ് ആയ ഒരു എൻ.ജി.ഒ ആണ് മണപ്പാട് ഫൗണ്ടേഷൻ. എഫ്.സി.ആർ.എ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. എല്ലാ വർഷവും അതിന്റെ റിട്ടേൺസ് ഫയൽ ചെയ്യാറുണ്ട്. വ്യക്തമായ കണക്കുകളുമുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള ആരെങ്കിലും വന്ന് നല്ലൊരു പ്രോജക്ട് ഏറ്റെടുക്കുമ്പോൾ അതിനെ നിരുത്സാഹപ്പെടുത്തുന്ന സംഗതിയാണ് ഇതിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്‍റെ രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കാൻ താൽപര്യമില്ല.
സാമൂഹ്യ സേവനത്തിനിറങ്ങുന്ന ആൾക്കാരെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് ഇതു കൊണ്ടുപോകുന്നുണ്ട്. 2023ൽ കേന്ദ്രസര്‍ക്കാരിന്‍റെ ആഭ്യന്തര മന്ത്രാലയം ഞങ്ങളുടെ എഫ്.സി.ആർ.എ പുതുക്കിയിട്ടുണ്ട്. എന്തെങ്കിലും അപാകതകളുണ്ടായിരുന്നെങ്കിൽ അത് പുതുക്കുമായിരുന്നോയെന്നും അമീർ അഹ്മദ് ചോദിച്ചു. ഒരുപാട് എഫ്.സി.ആർ.എ അക്കൗണ്ടുകൾ മരവിപ്പിക്കുന്ന കാലത്താണ് പുതുക്കി കിട്ടിയത്. കാരണം സുതാര്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം കൈയിൽ നിന്നുപോലും പണം കൊടുത്ത് പല സംഗതികളും ചെയ്തിട്ടുണ്ടെന്നും അമീര്‍ അഹമ്മദ് പറഞ്ഞു.
പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശൻ എം.എൽ.എ. പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പുനർജനി. പ്രദേശത്ത് വീടുവെച്ച് നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളായിരുന്നു വിഭാവനം ചെയ്തിരുന്നത്. പദ്ധതിക്കു വേണ്ടി കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്നായിരുന്നു പരാതി.
