കുഴിയിൽ വീണ് വാഹനങ്ങൾ; പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ആറ് മാസത്തിനിടെ തകർന്ന് രാമക്ഷേത്രത്തിലേക്കുള്ള റോഡുകൾ
ലഖ്നൗ: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ആറ് മാസം പിന്നിട്ടപ്പോഴേക്കും തകർന്നു തരിപ്പണമായി നഗരത്തിലെ പ്രധാന റോഡുകൾ. നാല് വേദങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നാമകരണം ചെയ്ത ഭക്തി പഥ്, രാമജന്മഭൂമി പഥ്, രാം പഥ്, ധർമ പഥ് എന്നീ റോഡുകളാണ് രാമക്ഷേത്ര ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കിടെ കുണ്ടും കുഴിയുമായത്.Vehicles
സൗരോർജ വിളക്കുകൾ അടക്കമുള്ള ആധുനിക സൗകര്യങ്ങളുള്ള റോഡുകളാണ് ഇവയെന്നതാണ് ശ്രദ്ധേയം. രാമക്ഷേത്രത്തിലേക്ക് പോവാനുള്ള ഈ പാതകളിൽ പലയിടത്തും വാഹനങ്ങൾക്ക് സഞ്ചരിക്കാനാവാത്ത വിധം കുണ്ടുംകുഴിയുമായിക്കഴിഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ നഗരത്തിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് പുതുതായി നിർമിച്ച റോഡുകളടക്കം ഇടിഞ്ഞുതാഴ്ന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഒരു റോഡിലെ വൻ ഗർത്തത്തിൽ കാർ വീണിരിക്കുന്നതും മറ്റ് പലയിടത്തും തകര ബോർഡുകൾ കൊണ്ട് കുഴികൾ മറച്ചിരിക്കുന്നതും വീഡിയോകളിൽ കാണാം. ചിലയിടങ്ങളിൽ നാട്ടുകാർ മരച്ചില്ലകളും ഇഷ്ടികകളും ഫ്‌ളക്‌സ് ബോർഡുകളും വച്ചാണ് കുഴിയിൽ ചാടാതിരിക്കാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പല റോഡുകളിലും നടുഭാഗത്താണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ രാംപഥ് റോഡിലും സമീപ റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഓടകളില്ലാത്തതിനാൽ റോഡുകളുടെ ഇരുവശങ്ങളിലുമുള്ള വീടുകളിലേക്ക് അഴുക്കുവെള്ളം കയറുകയും ചെയ്തിരുന്നു.
റോഡുകൾ തകർന്നതു മാത്രമല്ല, രാമക്ഷേത്രം തന്നെ ചോരുകയാണെന്ന് മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് തന്നെ വ്യക്തമാക്കിയിരുന്നു. രാംലല്ലയുടെ വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്റെ മേൽക്കൂര ആദ്യ മഴയിൽ തന്നെ ചോർന്നൊലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് പ്രശ്നമെന്ന് കണ്ടെത്തണം. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ക്ഷേത്രത്തിൽനിന്ന് വെള്ളം ഒഴികിപ്പോകാൻ വഴിയില്ല. മഴ ശക്തിപ്രാപിച്ചാൽ ഭക്തർക്ക് ക്ഷേത്രത്തിനകത്ത് പ്രാർഥന നിർവഹിക്കാൻ ബുദ്ധിമുട്ടാണെന്നും ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
ഇത് വളരെ ആശ്ചര്യകരമാണ്. ഇവിടെ ഒരുപാട് എൻജിനീയർമാരുണ്ടായിരുന്നു. ജനുവരി 22ന് പ്രാണപ്രതിഷ്ഠയും നടന്നു. പക്ഷെ, മേൽക്കൂരയിൽനിന്ന് വെള്ളം ചോരുകയാണ്. ഇക്കാര്യം ആരും ചിന്തിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നാം നിലയിൽനിന്ന് മഴവെള്ളം ചോരുന്നുണ്ടെന്ന് രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർപേഴ്സൻ നൃപേന്ദ്ര മിശ്രയും പറഞ്ഞു. എന്നാൽ, ഗുരുമണ്ഡപം തുറന്ന നിലയിലായതിനാൽ ഇത് പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
2024 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. ക്ഷേത്ര നിർമാണം പൂർത്തിയാകും മുമ്പായിരുന്നു ഉദ്ഘാടനം നടന്നത്.
ആറുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം റെയിൽവേ സ്റ്റേഷന്റെ മതിലും കഴിഞ്ഞദിവസം മഴയിൽ തകർന്നുവീണിരുന്നു. 20 മീറ്റർ നീളത്തിലാണ് മതിൽ പൊളിഞ്ഞുവീണത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി 240 കോടിയോളം രൂപ ചെലവിട്ടാണ് റെയിൽവേ സ്റ്റേഷൻ പുതുക്കി പണിതത്. 2023 ഡിസംബർ 30നാണ് പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്തത്.
അതേസമയം, രാമക്ഷേേത്ര ചോർച്ചയും മാസങ്ങൾ കൊണ്ട് റോഡുകൾ തകർന്നതുമടക്കം ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി മാത്രം തിരക്കിട്ട് രണ്ടാംകിട നിർമാണം നടത്തി ബിജെപി അയോധ്യയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആരോപിച്ചു. “രക്തസാക്ഷികളുടെ ശവപ്പെട്ടി ആയാലും ക്ഷേത്രമായാലും ഇതെല്ലാം ബിജെപി അഴിമതിക്കുള്ള അവസരമായി മാറ്റുകയാണ്. രാജ്യത്തെ വിശ്വാസത്തിൻ്റെയും വിശുദ്ധിയുടേയും പ്രതീകങ്ങൾ പോലും അവർക്ക് കൊള്ളയടിക്കാനുള്ള അവസരങ്ങൾ മാത്രമാണ്”- റായ് കുറ്റപ്പെടുത്തി.
അയോധ്യ നിർദയമായി കൊള്ളയടിക്കപ്പെട്ടെന്ന് എസ്.പി നേതാവ് ഐ.പി സിങ് പ്രതികരിച്ചു. ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മഴക്കാലത്തെ പോലും താങ്ങാൻ പുതിയ മതിലിന് കഴിയുന്നില്ല. നൂറ്റാണ്ടുകളായി ഈ കപട അഴിമതി തുടരുന്ന ബിജെപിക്കും സംഘ്പരിവാറിനും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മതിൽ അയോധ്യ ധാം സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിന്റെ ഭാഗമല്ലെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. സ്വകാര്യ വ്യക്തികൾ മതിലിനോട് ചേർന്ന് കുഴിയെടുത്തതാണ് പ്രശ്‌നമായതെന്നും ഉടൻ നടപടിയെടുക്കുമെന്നും റെയിൽവേ വ്യക്തമാക്കി.