ഉപകരണങ്ങൾ തകരാറായി; ഓട്ടിസം സെന്റർ ശോച്യാവസ്ഥയിൽ

വേങ്ങര: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷകേരളത്തിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക് റിസോഴ്സ് സെന്ററിൽ (ബി.ആർ.സി) പ്രവർത്തിക്കുന്ന ഓട്ടിസം സെന്റർ ശോച്യാവസ്ഥയിൽ. വേങ്ങര ബി.ആർ.സിക്ക് കീഴിലുള്ള പത്ത് പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ ഏക ആശ്രയമാണ് ഈ വിദ്യാഭ്യാസകേന്ദ്രം. വേങ്ങര, കണ്ണമംഗലം, ഊരകം, പറപ്പൂർ, എടരിക്കോട്, തെന്നല, പെരുമണ്ണ-ക്ലാരി, ഒതുക്കുങ്ങൾ, നന്നമ്പ്ര ഗ്രാമപഞ്ചായത്തുകളിലെയും തിരൂരങ്ങാടി നഗരസഭയിലേതുമായി ഭിന്നശേഷിക്കാരായ 138 വിദ്യാർഥികൾ ഇവിടെ അധ്യയനത്തിനായി എത്തുന്നുണ്ട്. ഓട്ടിസം ബാധിതർക്കുള്ള
ട്രമ്പോലിൻ, ട്രെഡ് മില്ല്, സ്റ്റാറ്റിക് സൈക്കിൾ, അഡാപ്റ്റഡ് സി. പി ചെയർ, തുടങ്ങിയ മിക്ക ഉപകരണങ്ങളും പ്രവർത്തന രഹിതമാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ തെറാപ്പിയും പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം തുടങ്ങിയത്. 2012-14 മുതൽ തന്നെ വേങ്ങര ബി.ആർ.സി കേന്ദ്രീകരിച്ച് റിസോഴ്സ് അധ്യാപകരുടെയും സ്പെഷ്യൽ എജുക്കേറ്റർമാരുടെയും നേതൃത്വത്തിൽ ഓട്ടിസം മാനേജ്മെന്റ് പ്രവർത്തനങ്ങൾ സജീവമാണ്.
ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് പോലുള്ള ദേശീയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേക പരിശീലനം നൽകി സെന്ററിന്റെ പ്രവർത്തനം വിപുലപ്പെടുത്തിയിരുന്നു. പിന്നീട് ‘സമഗ്ര ശിക്ഷാ കേരളം’ പദ്ധതിയുടെ ഭാഗമായി സെന്റർ മാറിയതോടെ, പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയമാവുകയും ആധുനിക തെറാപ്പി ഉപകരണങ്ങൾ സജ്ജീകരിക്കുകയും ചെയ്തു.
