വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന്‍റെ പിതാവ് നാട്ടിലേക്ക്, ഏഴ് വര്‍ഷത്തിന് ശേഷമാണ് വീട്ടിലെത്തുന്നത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍റെ പിതാവ് അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് വരുന്നത്. ഏഴരയോടെ സൗദിയിലെ ദമ്മാമിൽ നിന്നും തിരുവനന്തപുരത്തെത്തും. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്‍റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സാമൂഹ്യ പ്രവർത്തകന്‍റെ ഇടപെടലിലാണ് നാട്ടിലേക്ക് തിരിച്ചത്.
മരവിപ്പിലാണ് അഫാന്റെ പിതാവ് അബ്ദുറഹീമിന്‍റെ നാട്ടിലേക്കുള്ള യാത്ര. ഏഴ് വർഷത്തിന് ശേഷം നാട്ടിലേക്കെത്തുമ്പോൾ പ്രിയപ്പെട്ടവരൊന്നും വീട്ടിലില്ല. ഉമ്മയും മകനും സഹോദരനും സഹോദരിയും സ്വന്തം മകനാൽ കൊല്ലപ്പെട്ടു. ഭാര്യ മകന്‍റെ ക്രൂരതക്കിരയായി ആശുപത്രിയിലും. തണലാകേണ്ട മൂത്ത മകൻ കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിലാണ്. ഒരു പ്രവാസിയും ആഗ്രഹിക്കാത്ത മടക്കയാത്രയാകട്ടെ ഏഴ് വർഷത്തിന് ശേഷവും. എയർ ഇന്ത്യ എക്സ്പ്രസിൽ രാവിലെ ഏഴരക്കാണ് തിരുവനന്തപുരത്ത് എത്തുക. കടങ്ങളും സാമ്പത്തിക പ്രയാസങ്ങളും കാരണം നാടണയാൻ ഇദ്ദേഹത്തിനായിരുന്നില്ല.
റിയാദിലെ കട നഷ്ടത്തിൽ ഇല്ലാതായതോടെ വലിയ ബാധ്യത വന്നിരുന്നു. രണ്ടര വർഷമായി ഇഖാമയും പുതുക്കാൻ കഴിഞ്ഞില്ല. ഇതോടെ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കമാണ് രക്ഷക്കെത്തിയത്. പൊലീസ് കേസില്ലെന്ന് പാസ്പോർട്ട് വിഭാഗത്തിൽ നിന്നും സ്ഥിരീകരിച്ചതോടെ നാട്ടിലേക്കുള്ള വഴിയൊരുക്കിയതും ഇദ്ദേഹമാണ്. ഉറ്റവർ ബാക്കിയില്ലാത്ത വീട്ടിലേക്ക് കയറും മുമ്പ് ആശുപത്രിയിലേക്ക് പോകണോ ഖബര്‍സ്ഥാനിലേക്ക് പോകണോ പൊലീസ് സ്റ്റേഷനിലേക്ക് പോകണോ എന്ന ഉത്തരങ്ങളില്ലാതെയാണ് അബ്ദുറഹീമെത്തുന്ന
ത്.