ഇത് വി.ഐ.പിജയ് ഹസാരെ

ബംഗളൂരു: അന്താരാഷ്ട്ര ക്രിക്കറ്റിലെ മുൻനിര താരങ്ങൾ അണിനിരക്കുന്നതോടെ ആഭ്യന്തര ക്രിക്കറ്റ് മത്സരമായ വിജയ് ഹസാരെ ട്രോഫിക്ക് വൻ ആരാധക ശ്രദ്ധ. വിവിധ ഘട്ടങ്ങളിൽ ഇന്ത്യൻ ടീമിനെ നയിച്ച വിരാട് കോഹ്‌ലി, രോഹിത് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ്, കെ.എൽ. രാഹുൽ തുടങ്ങിയവരെല്ലാം കളിക്കുന്നുണ്ട്. കോഹ്‌ലിയും ഋഷഭ് പന്തും ഡൽഹിയുടെയും രോഹിത്തും സൂര്യയും മുംബൈയുടെയും താരങ്ങളാണ്. ഗില്ലും സഹ ഇന്ത്യൻ താരങ്ങളായ അഭിഷേക് ശർമയും അർഷിദീപ് സിങ്ങും പഞ്ചാബ് ടീമിലുണ്ട്. രാഹുൽ കർണാടകക്കായും മുഹമ്മദ് ഷമി ബംഗാളിനായും കളിക്കും.

ബുധനാഴ്ചയാണ് മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ബംഗളൂരുവിൽ ആന്ധ്രയുമായി ഡൽഹി ഏറ്റുമുട്ടും. ജയ്പൂരിൽ മുംബൈ-സിക്കിം, മഹാരാഷ്ട്ര-പഞ്ചാബ് മത്സരങ്ങൾ നടക്കും. രോഹൻ കുന്നുമ്മൽ നയിക്കുന്ന കേരളത്തിന്റെ ആദ്യ എതിരാളി ത്രിപുരയാണ്. അഹ്മദാബാദിലെ ഗുജറാത്ത് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന കളിയിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ മലയാളിപ്പടയിൽ ഇറങ്ങും. കർണാടക, ഝാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, പുതുച്ചേരി ടീമുകൾകൂടി ഉൾപ്പെടുന്ന എലൈറ്റ് ഗ്രൂപ് എ-യിലാണ് കേരളം.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരത്തിന് അനുമതിയില്ല

ബംഗളൂരു: ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനിരുന്ന ആന്ധ്ര-ഡൽഹി വിജയ് ഹസാരെ ട്രോഫി മത്സരത്തിന് അനുമതി നിഷേധിച്ചു. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം സംഘടിപ്പിക്കാൻ അനുവദിക്കണമെന്നായിരുന്നു കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യം. സംസ്ഥാന ആഭ്യന്തര മന്ത്രി ജി. പരമേശ്വര നിയോഗിച്ച സമിതി സ്റ്റേഡിയം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. തുടർന്ന്, ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് മത്സരത്തിന് അനുമതി നൽകാനാവില്ലെന്ന് അറിയിച്ചു. കളി ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ നടക്കും.

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലി ഡൽഹി ടീമിലുണ്ട്. ഈ സാഹചര്യത്തിൽ സ്റ്റേഡിയത്തിലേക്ക് വൻതോതിൽ ആരാധകരെത്താൻ സാധ്യതയുള്ളത് കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്നറിയുന്നു. ഐ.പി.എൽ വിജയാഘോഷത്തിനിടെ ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയം പരിസരത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചിരുന്നു.