വിഴിഞ്ഞം ടിപ്പറപകടം; മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകാമെന്ന് അദാനി ഗ്രൂപ്പ്

 

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സഹായം നൽകാമെന്ന് അറിയിച്ച് അദാനി ഗ്രൂപ്പ്. ഒരു കോടി രൂപ സഹായം നൽകാമെന്ന് അദാനി ഗ്രൂപ്പ് കുടുംബത്തെ അറിയിച്ചു. അനന്തുവിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് അദാനി പോർട്ട് അധികൃതർ വിവരമറിയിച്ചത്.

 

 

നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന അനന്തു. മുക്കോല-ബാലരാമപുരം റോഡിൽ മണലിവിള മുള്ളുമുക്കിലാണ് അപകടം നടന്നത്. കോളജിൽ പോകാനായി ബാലരാമപുരത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അനന്തു. എതിർ ദിശയിൽ നിന്നുവരികയായിരുന്ന ലോറിയിൽ അമിതമായി കരിങ്കല്ലു കയറ്റിയിരുന്നു.

 

അതിൽനിന്നു തെറിച്ചുവന്ന വലിയകല്ല് അനന്തുവിന്റെ തലയുടെ മുൻഭാഗത്ത് ഇടിച്ച് നെഞ്ചിൽ പതിച്ചശേഷം സ്കൂട്ടറിന്റെ ഹാൻഡിലിൽ വീഴുകയായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞു. അദാനി തുറമുഖത്തിനായി ടെട്രാപോഡ് നിർമ്മിക്കുന്ന കേന്ദ്രത്തിന് മുന്നിലെ റോഡിലെ കുഴിയിൽ വീണപ്പോഴാണ് ലോറിയിൽ നിന്നു കരിങ്കല്ല് തെറിച്ചത്.

 

20 കിലോഗ്രാമോളം ഭാരമുള്ള കല്ലിന്റെ വീഴ്ചയിൽ അനന്തുവിന്റെ ഹെൽമെറ്റ് തകർന്നു. നെഞ്ചിന്റെ ഭാഗത്തെ എല്ലുകൾ പൊട്ടുകയും ഹൃദയം, കരൾ അടക്കമുള്ള ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *