‘വ്ളാദിമിര്‍ നിര്‍ത്തൂ…ആഴ്ചയിൽ 5000 സൈനികരാണ് മരിക്കുന്നത്’; യുക്രൈൻ ആക്രമണത്തിൽ പുടിനെതിരെ ട്രംപ്
വാഷിംഗ്ടൺ: കിയവിന് നേരെയുള്ള റഷ്യയുടെ മിസൈൽ ആക്രമണത്തിൽ രൂക്ഷപ്രതികരണവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എത്രയും പെട്ടെന്ന് ആക്രമണം നിര്‍ത്താൻ ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ, യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണങ്ങളിൽ താൻ സന്തുഷ്ടനല്ലെന്ന് ട്രംപ് പറഞ്ഞു.dying
”കിയവിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ ഞാൻ സന്തുഷ്ടനല്ല. അനാവശ്യമായിരുന്നു അത്, വളരെ മോശം…വ്ളാദിമിര്‍ നിര്‍ത്തൂ…ആഴ്ചയിൽ 5000 സൈനികർ മരിക്കുന്നു. സമാധാന കരാർ നമുക്ക് പൂർത്തിയാക്കാം” അദ്ദേഹം കുറിച്ചു. മാസങ്ങൾക്കിടെ യുക്രൈൻ തലസ്ഥാനമായ കിയവിന് നേരെയുണ്ടായ റഷ്യയുടെ മിസൈൽ ആക്രമണം അമേരിക്കയിൽ സമ്മർദ്ദം ചെലുത്താൻ രൂപകൽപന ചെയ്തതാണെന്ന് ഇന്ന് രാവിലെ പ്രസിഡന്‍റ് വ്ളോദിമിർ സെലെൻസ്‌കി പറഞ്ഞു. ദക്ഷിണ കൊറിയ സന്ദർശിക്കുന്ന സെലെൻസ്‌കി, റഷ്യൻ ആക്രമണത്തിന് ശേഷം യാത്ര വെട്ടിച്ചുരുക്കിയിരുന്നു. “യുക്രൈൻ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്നുണ്ടെന്നും (അത്) നമ്മുടെ ജനങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും റഷ്യ മനസിലാക്കുന്നു. അത് അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു” മാധ്യമപ്രവർത്തകരോട് സെലെൻസ്‌കി പറഞ്ഞു.
വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. യുക്രൈൻ സമാധാന കരാര്‍ ഉടനുണ്ടാകുമെന്ന് ട്രംപ് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് കിയവിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഏകദേശം 80 പേർക്ക് പരിക്കേറ്റിരുന്നു അഞ്ച് കുട്ടികൾ ഉൾപ്പെടെ 31 പേർ ആശുപത്രിയിലാണ്.
അതേസമയം ക്രിമിയയെ റഷ്യക്ക് വിട്ടുകൊടുക്കുന്നതില്‍ നിന്ന് സെലന്‍സ്‌കി പിന്മാറിയതിനു പിന്നാലെ കടുത്ത വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളും നടപടികളും പുരോഗമിക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ക്രിമിയ ഇപ്പോള്‍ റഷ്യയുടേതാമെന്നും അതിന്‍മേല്‍ അവകാശവാദം ഇനിയും ഉന്നയിക്കേണ്ടെന്നും ട്രംപ് പറഞ്ഞതോടെയാണ് സെലെന്‍സ്‌കി എതിര്‍ത്തത്. ക്രിമിയയുടെ നിയന്ത്രണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ യുക്രൈന് നഷ്ടമായി. അതിപ്പോള്‍ റഷ്യയുടേതാണ്. അതേക്കുറിച്ച് ഒരു സംസാരത്തിന്‍റെ പോലും ആവശ്യമില്ലെന്നായിരുന്നു ട്രംപിന്‍റെ നിലപാട്.
എന്നാല്‍ ട്രംപിന്‍റെ വാക്കുകളെ സെലെന്‍സ്‌കി പൂര്‍ണമായും തള്ളിക്കളഞ്ഞു. സംസാരിക്കാന്‍ ഒന്നുമില്ല. ‘ഇത് നമ്മുടെ നാടാണ്. യുക്രേനിയന്‍ ജനതയുടെ നാടാണ്’ എന്ന് പറഞ്ഞായിരുന്നു ട്രംപിന്‍റെ നിലപാടിനോട് സെലെന്‍സ്‌കി പ്രതികരിച്ചത്. യുക്രൈന്‍ അതിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.