നിയമസഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരിൽ
തിരുവനന്തപുരം: വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂർ മണ്ഡലത്തിൽ. പുതിയ വോട്ടർ പട്ടികപ്രകാരം ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുള്ള അച്യുതം ഫ്ലാറ്റിലെ വിലാസത്തിലാണ് പുതിയ വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ളത്. മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമനമ്പർ 697ലാണ് അദ്ദേഹത്തിന്റെ പേരുള്ളത്.
അതേസമയം, ഓരോ തെരെഞ്ഞെടുപ്പിലും സുരേഷ്ഗോപിക്ക് വോട്ട് പലയിടങ്ങളിലാണെന്ന് വിമർശനമുന്നയിച്ച് നിരവധി നേതാക്കൾ രംഗത്തെത്തി. കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലുൾപ്പെടുന്ന ശാസ്തമംഗലം ഡിവിഷനിലും, 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ കോർപറേഷനിലെ നെട്ടിശ്ശേരിയിലുമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
വിമർശനമുയർന്നതിന് പിന്നാലെ വിശദീകരണവുമായി സുരേഷ്ഗോപിയുടെ ഓഫിസ് രംഗത്തെത്തി. നെട്ടിശ്ശേരിയിലെ വീട് വിറ്റതിനാലാണ് ഗുരുവായൂരിലെ സ്വന്തം ഫ്ലാറ്റിലെ വിലാസത്തിൽ വോട്ട് ചേർത്തിട്ടുള്ളതെന്നാണ് വിശദീകരണം.
