‘കാത്തിരുന്ന് കാണാം’; ഇൻഡ്യാ മുന്നണി സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് മമത
ഡൽഹി: സർക്കാർ രൂപീകരണ ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കില്ല. തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും മമത വ്യക്തമാക്കി. ബിജെപി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മമത ബാനർജി ആരോപിച്ചു. ഇൻഡ്യ മുന്നണിക്ക് ഭാവിയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.Mamata
‘ബിജെപി ജനാധിപത്യവിരുദ്ധമായും നിയമവിരുദ്ധമായും സർക്കാർ രൂപീകരിക്കുകയാണ്. ഇന്ന് ഇൻഡ്യാ മുന്നണി സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചിട്ടില്ലായിരിക്കാം. എന്നാൽ നാളെ അവകാശവാദം ഉന്നയിക്കില്ല എന്നല്ല ഇതിനർത്ഥം. നമുക്ക് കുറച്ചുസമയം കാത്തിരിക്കാം’; മമത പറഞ്ഞു.
കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് തൃണമൂൽ കോൺഗ്രസ്. ദുർബലവും അസ്ഥിരവുമായ ബിജെപി അധികാരത്തിൽ നിന്ന് പുറത്തായതിൽ സന്തോഷമുണ്ടെന്നും മമത പറഞ്ഞു. രാജ്യം അധികാരത്തിൽ മാറ്റം ആഗ്രഹിക്കുന്നുവെന്നും അതാണ് ജനവിധിയിൽ പ്രതിഫലിക്കുന്നതെന്നും മമത പറഞ്ഞു.
ജനവിധി നരേന്ദ്രമോദിക്കെതിരായിരുന്നു. അതിനാൽ അദ്ദേഹം ഇത്തവണ പ്രധാനമന്ത്രിയാകരുത്. മറ്റാരെങ്കിലും ആ സ്ഥാനത്ത് വരണം. ഞായറാഴ്ച വൈകുന്നേരം നടക്കാനിരിക്കുന്ന പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃണമൂൽ കോൺഗ്രസ് പങ്കെടുക്കില്ലെന്നും അവർ പറഞ്ഞു.