രക്ഷയ്ക്കായി കാത്ത്: ചെളിയിൽ പുതഞ്ഞ് ഒരു ജീവൻ; ദുരന്തത്തിൽ വിറങ്ങലിച്ച് നാട്
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. മരണം 43 ആയി. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ഇതിനിടെ കഴുത്തറ്റം ചെളിയിൽ പുതഞ്ഞ നിലയിൽ ഒരു മനുഷ്യൻ രക്ഷതേടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തലയും കൈയുടെ ഒരുഭാഗം മാത്രമാണ് പുറത്തുള്ളത്. രക്ഷാപ്രവർത്തകർക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് എത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് പ്രദേശവാസിയായ ജംഷീർ ട്വന്റിഫോറിനോട് പറഞ്ഞു. മഴ ശക്തമായതിനാൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായിട്ടുണ്ട്. അതിനാൽ അക്കരെ ഭാഗത്തേക്ക് കടക്കുക എന്നത് ബുദ്ധിമുട്ടേറിയത്. എയർലിഫ്റ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ ഒരു ജീവൻ രക്ഷിക്കാൻ കഴയുമെന്ന് ജംഷീർ പറഞ്ഞു. ചെളിയിൽ കുടുങ്ങിയ ആളുടെ അടുത്തേക്ക് എത്താൻ പരമാവധി ശ്രമം നടത്തുന്നുണ്ട് ജംഷീർ പറഞ്ഞു.
പ്രതികൂല കാലാവസ്ഥ കാരണം എയർ ലിഫ്റ്റിങ്ങ് പ്രായോഗികമാവില്ല എന്നാണ് വിലയിരുത്തൽ കോപ്റ്ററുകൾ കോഴിക്കോട് ലാൻഡ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളാർമല സ്കൂൾ തകർന്നു. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചിരുന്നായും വിവരങ്ങൾ പുറത്തുവന്നിരുന്നു. വെള്ളാർമല സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് രാത്രി ഒരു മണിയോടെ ആളുകൾ ഒഴിഞ്ഞിരുന്നു. 14 കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.