കാക്കി തൊപ്പി കൊതിച്ചു, പ്ലാവില തൊപ്പിയുമായി സമരം; നിയമനം ആവശ്യപ്പെട്ട് വനിത സിപിഒ റാങ്ക് ഹോൾഡേഴ്സ്

 

വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് ഇന്നും വ്യത്യസ്ത പ്രതിഷേധം നടത്തി. കയ്യും കാലും കൂട്ടിക്കെട്ടി പ്ലാവില തൊപ്പിയും വച്ചായിരുന്നു ഇന്നത്തെ പ്രതിഷേധം. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ 12 ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്.

കഴിഞ്ഞ ദിവസം ക്ഷയനപ്രദക്ഷിണം, ഇന്നലെ കല്ലുപ്പിനു മുകളിൽ മുട്ടുകുത്തിയുള്ള സമരം. കടുപ്പമേറിയ സമരം ഇന്നും തുടരുകയാണ് പൊലീസ് കുപ്പായം മോഹിച്ച് പഠിച്ച ഈ പെൺകുട്ടികൾ. കയ്യും കാലും പരസ്പരം ചേർത്ത് കൂട്ടിക്കെട്ടിയായിരുന്നു ഇന്നത്തെ സമരം. വിലങ്ങിന് പകരം പ്രതീകാത്മകമായാണ് ഇങ്ങനെ ചെയ്തത്. പൊലീസ് തൊപ്പിക്ക് പകരം പ്ലാവില തൊപ്പി തലയിലേന്തി. നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു. സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയോ, പ്രതിപക്ഷ സംഘടനകൾ പോലും പിന്തുണ നൽകുകയോ ചെയ്തിട്ടില്ലെന്നും റാങ്ക് ഹോൾഡേഴ്സ് പറയുന്നു.

ഈ മാസം 19നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 235 നിയമനം മാത്രമാണ് നടത്തിയത്. നിയമന കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നിവയാണ് സമരത്തിൻ്റെ ആവശ്യം. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 570ലധികം വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ ഒഴിവുണ്ട്. ഈ ഒഴിവു നികത്താനങ്കിലും തങ്ങളുടെ റാങ്ക് ലിസ്റ്റ് ഉപയോഗപ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *