‘വയനാട് ദുരന്തം വലിയ ആഘാതമുണ്ടാക്കി, ഇത്തവണ ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല’; മുഖ്യമന്ത്രി

'Wayanad disaster has left a big impact, this time Onam is not in a condition to be celebrated';  Chief Minister

 

വയനാട് ദുരന്തം വലിയ ആഘാതമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് വേഗത്തിൽ വീണ്ടെടുക്കാൻ കഴിയുന്നതല്ല. ഇത്തവണ ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല നാം. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായാണ് വയനാട് ദുരന്തമുണ്ടായതെന്നും കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

 

കേരളത്തിലെ കാർഷിക രംഗത്തും കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്നു. കാർഷിക മേഖലയിലെ ചിലയിടപെടലുകൾ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സ്മാർട്ട് ഫാമിംഗ് രീതി സ്വീകരികുന്നുവെന്നും നമ്മുടെ നാട്ടിലും അത് നടപ്പാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാർഗ്ഗനിർദേശങ്ങൾ അറിയിച്ച് സർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം സംഭാവനയായി നൽകണം. ശമ്പള തുക കണക്കാക്കുന്നത് 2024 ഓഗസ്റ്റ് മാസത്തെ മൊത്ത ശമ്പളം അടിസ്ഥാനമാക്കി.

 

സമ്മതപത്രം ഡിഡിഒമാർ സ്വീകരിക്കും. അഞ്ച് ദിവസത്തെ വേതനം നൽകുന്നവർക്ക് മൂന്ന് ഗഡുക്കളായി നൽകാമെന്ന് മാർഗനിർദേശം. 5 ദിവസത്തിൽ കൂടുതൽ സംഭാവന ചെയ്യുന്നവർക്ക് ഒരു മാസം രണ്ടു ദിവസമെന്ന ക്രമത്തിൽ 10 ഗഡുക്കളായി നൽകാം. സംഭാവന തുക സെപ്റ്റംബറിൽ വിതരണം ചെയ്യുന്ന ആഗസ്റ്റ് മാസത്തെ ശമ്പളം മുതൽ കുറവ് ചെയ്യും.

 

വയനാട് പുനരധിവാസത്തിനായി സർക്കാർ ജീവനക്കാരും പൊതു മേഖലാ സ്ഥാപനങ്ങളിലും എയ്ഡഡ് സ്‌കൂൾ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതിൽ പങ്കാളികളാവുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 174.18 കോടി രൂപയാണ് ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളായി ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *