വയനാട് പുനരധിവാസം: ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി, സർക്കാർ ഉത്തരവിറക്കി

Wayanad Rehabilitation: As criteria for determining the beneficiaries, the government has issued an order

വയനാട് പുനരധിവാസത്തിൽ ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി. മാനദണ്ഡങ്ങൾ വിശദീകരിച്ച് സർക്കാർ ഉത്തരവിറക്കി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് സുരക്ഷിതമായ സ്ഥലത്ത് മറ്റ് വീട് ഉണ്ടെങ്കിൽ പുനരധിവാസത്തിന് അർഹതയില്ല. വീട് നശിച്ചതിനുളള 4 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിന് മാത്രമേ അർഹതയുളളു.

ദുരന്തമേഖലയിലെ വീട് വാടകക്ക് നൽകിയിരിക്കുകായാണെങ്കിൽ വാടകക്കാരന് പുതിയ വീടിന് അർഹതയുണ്ട്. വാടക വീടുകളിൽ താമസിച്ചിരുന്നവർക്ക് പുനരധിവാസ പ്രകാരം വീട് നൽകും.വാടകക്ക് വീട് നൽകിയ ആളിന് വേറെ വീടില്ലെങ്കിൽ അവർക്കും പുതിയ വീട് അനുവദിക്കും.

ലൈഫ് പദ്ധതി പ്രകാരം നിർമ്മാണത്തിലിരുന്ന വീടുകൾ നശിച്ചക്കുകയോ നോ ഗോ സോണിലോ ആണെങ്കിൽ പുതിയ വീട് നൽകും. ഒരു വീട്ടിൽ താമസിക്കുന്ന കൂട്ടുകൂടുംബങ്ങൾക്ക് റേഷൻ കാർഡ് അടിസ്ഥാനത്തിൽ പുതിയ വീട് നൽകും. സുരക്ഷിതമേഖലയിലുളളതും ഭാഗികമായി നശിച്ചതുമായ വീടുകളിൽ താമസിക്കുന്നവർക്ക് പുനരധിവാസത്തിന് അർഹതയില്ലെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം കേന്ദ്ര ബജറ്റിൽ വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരെ അവഗണിച്ചതിനെതിരെ ദുരന്തബാധിതരുടെ സംഘടന. ബജറ്റിൽ വലിയ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുണ്ടക്കൈ ഇന്ത്യയിൽ അല്ലേ എന്ന് സംശയിച്ചു പോവുകയാണെന്നും ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം ആക്ഷൻ കമ്മിറ്റി പ്രതികരിച്ചു.

ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു നടപടിയും ഉണ്ടാകാത്തതിൽ കടുത്ത നിരാശയുണ്ട്. ഒരു നാടും നാട്ടുകാരും വഴിയാധാരമായിട്ട് 180 ദിവസം കഴിഞ്ഞു. പ്രധാനമന്ത്രി കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ജകേന്ദ്രസർക്കാരിനെ വിമർശിച്ച് ജനശബ്ദം ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.

Story Highlights : Wayanad rebuild Government issues order setting criteria

Leave a Reply

Your email address will not be published. Required fields are marked *